കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി പഞ്ചായത്തിലെ കുറ്റിലഞ്ഞി സർക്കാർ യു പി സ്കൂളിന്റെ വികസനത്തിനായി 1 കോടി 51 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 1952 ൽ ഇരുമലപ്പടി സണ്ടേ സ്ക്കൂളിൽ എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച സ്കൂൾ രണ്ട് വർഷങ്ങൾക്കുശേഷം സഖാവ്. T M മീതിയന്റെ നേതൃത്വത്തിൽ 1954 ൽ ആണ് കുറ്റിലഞ്ഞിയിലെ നിലവിലുള്ള സ്ഥലത്തേക്ക് മാറ്റിയത്. 1980 ൽ നായനാർ ഗവൺമെന്റിന്റെ കാലഘട്ടത്തിൽ സ്കൂൾ യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. നിലവിൽ 600 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. സബ് ജില്ലയിലെ തന്നെ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയം അക്കാദമിക് രംഗത്ത് വലിയ മികവാണ് പുലർത്തുന്നത്.
പ്രദേശത്തെ അനേകങ്ങൾക്ക് അക്ഷര വെളിച്ചം പകർന്ന സ്കൂളിൽ കുട്ടികളുടെ വർദ്ധനവിനസരിച്ചുള്ള ക്ലാസ്സ് മുറികൾ ഇല്ലാത്തതും, കാലപ്പഴക്കം ചെന്ന കെട്ടിടവും ഇവിടുത്തെ പരിമിതികളായിരുന്നു. സ്കൂളിൽ പുതിയ കെട്ടിട സൗകര്യമടക്കമുള്ള വികസന പ്രവർത്തങ്ങൾക്കായിട്ടാണ് ഇപ്പോൾ തുക അനുവദിച്ചത്.ഏറെ കാലമായുള്ള പ്രദേശവാസികളുടെ ആവശ്യമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുന്നത്. കുറ്റിലഞ്ഞി യു പി സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും തുടർ നടപടികൾ വേഗത്തിലാക്കുമെന്നും എം എൽ എ പറഞ്ഞു.