പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം കൂട്ടിച്ചേർത്ത് ആശുപത്രിയുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് ആശുപത്രിയിൽ ചേർന്ന എച്ച് എം സി മീറ്റിങ്ങിൽ ധാരണയായി .
NABH അംഗീകാരം കിട്ടുന്ന വിധത്തിൽ ആശുപത്രിയുടെ പ്ലാനുകൾ നവീകരിക്കുന്നതിനും , എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി പഞ്ചായത്ത് എൻജിനീയറെ ചുമതലപ്പെടുത്തി .പുതിയ സൗകര്യങ്ങൾ കൂടി ലഭിക്കുമ്പോൾ സ്റ്റാഫുകളുടെ എണ്ണത്തിൽ വലിയ മാറ്റം ഉണ്ടാകും . പഞ്ചകർമ്മ ചികിത്സയ്ക്ക് ഒരേസമയം 20 ബെഡ്ഡുകൾ ഉപയോഗപ്പെടുത്താൻ കഴിയും വിധം ആദ്യഘട്ടത്തിൽ ആശുപത്രി വികസിപ്പിക്കും .യോഗ ഇൻസ്ട്രക്ടർ അടക്കമുള്ള പുതിയ പോസ്റ്റുകൾ സൃഷ്ടിക്കപ്പെടും .ഗവൺമെൻറ് ഐടിഐ പ്രവർത്തിച്ചിരുന്ന ഇരുനില ബിൽഡിംഗ് , ആശുപത്രിക്ക് അനുയോജ്യമായ രീതിയിൽ ഡിസൈൻ ചെയ്തു നവീകരിക്കുന്നതിനുള്ള ഒരു കോടി രൂപ തന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ചിലവഴിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ യോഗത്തിൽ അറിയിച്ചു .വേങ്ങൂർ പഞ്ചായത്ത് പ്രസിഡൻറ് ശില്പ സുധീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡെയ്സി ജെയിംസ് ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷീബ ചാക്കപ്പൻ ,മരിയ സാജ് മാത്യു ,ശ്രീജ ഷിജോ , ഡിപിഎം ഡോ .ജയകൃഷ്ണൻ കെ.വി. , ഡിഎംഒ പ്രതിനിധി സിഎംഒ ഡോ . മിനി സി.ആർ , ഡോ. അഞ്ചു സി പി , പഞ്ചായത്ത് സെക്രട്ടറി അഫ്സൽ രാജ് , ബ്ലോക്ക് പഞ്ചായത്ത് എൻജിനീയർ അനൂ ബേബി , പഞ്ചായത്ത്ഓവർസിയർ ഉബൈദ് എന്നിവർ സംസാരിച്ചു .