കോതമംഗലം: നേര്യമംഗലം-ഇടുക്കി റോഡില്‍ നീണ്ടപാറ പള്ളിക്ക് സമീപം വീണ്ടും കലുങ്കിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡ് അപകട ഭീഷണിയില്‍. ഇന്നലെ രാവിലെ 7.30 ഓടെയാണ് സംഭവം. കലുങ്കിന്റെ താഴ്ചയുള്ള ഭാഗത്തെ കരിങ്കല്ലില്‍ കെട്ടിയ സംരക്ഷണഭിത്തി നിലംപതിച്ചു. ഭിത്തി തകര്‍ന്ന ഭാഗത്ത് റോഡില്‍ വിള്ളലും ഉണ്ടായിട്ടുണ്ട്. കലുങ്ക് ഇടിഞ്ഞ ഭാഗത്ത് പ്ലാസ്റ്റിക്ക് ഡിവൈഡര്‍ സ്ഥാപിച്ച് ഒറ്റവരി ഗതാഗതം ആക്കിയിരിക്കുകയാണ്. ദേശീയപാത കടന്നുപോകുന്ന നേര്യമംഗലം-അടിമാലി റോഡില്‍ മരം വീണും മറ്റും തടസം ഉണ്ടാകുമ്പോള്‍ വാഹനങ്ങള്‍ ഇതുവഴി തിരിച്ച് വിടാറുണ്ട്.
സര്‍വീസ് ബസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ രാപ്പകല്‍ സഞ്ചരിക്കുന്ന റോഡില്‍ സമാനരീതിയില്‍ നിരവധി കലുങ്കുകള്‍ അപകടാവസ്ഥയിലാണെന്ന് നാട്ടുകാര്‍ പറഞ്ഞു. എറണാകുളം, ഇടുക്കി ജില്ലാ അതിര്‍ത്തി പങ്കിടുന്ന കരിമണല്‍ കവലയിലെ ചെറിയപാലവും അപകടാവസ്ഥയിലാണ്. പാലത്തിന്റെ കൈവരിയിലെ സിമന്റ് പൊളിഞ്ഞ് ദ്രവിച്ച കമ്പി കാണാം. അപകാടവസ്ഥയിലുള്ള കലുങ്കുകളുടെ അടിയിലെ സ്ലാബിന് തകര്‍ച്ചയും വശത്തെ സംരക്ഷണഭിത്തിക്കു കേടുപാടുമായ അവസ്ഥയിലാണ്.
രാവിലെ കലുങ്ക് ഇടിഞ്ഞത് നാട്ടുകാര്‍ കണ്ടതുകൊണ്ടാണ് വാഹനങ്ങള്‍ അപകടത്തിലാവാതിരുന്നത്. അരിക് ചേര്‍ന്ന് പോകുമ്പോഴും എതിര്‍ദിശയിലെ വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴും താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിലാവാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഡിവൈഡര്‍ സ്ഥാപിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
