കോതമംഗലം: നവകേരള സൃഷ്ടിക്കായി നടപ്പിലാക്കിയിട്ടുള്ള വിവിധ വികസന–സാമൂഹിക ക്ഷേമ പദ്ധതികൾ ജനങ്ങളുടെ ജീവിതത്തിൽ സൃഷ്ടിച്ചിട്ടുള്ള മാറ്റങ്ങളും, അവ സംബന്ധിച്ചുള്ള ജനങ്ങളുടെ അനുഭവങ്ങളും, പുതിയ നിർദേശങ്ങളും നേരിട്ട് ശേഖരിക്കുന്നതിനായി ആവിഷ്കരിച്ചിരിക്കുന്ന നവകേരള വികസന ക്ഷേമ പഠനപരിപാടി (നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം)ക്ക് ജില്ലയിൽ തുടക്കം.
കോതമംഗലം ബിഷപ്പ് ഹൗസിൽ രൂപതാ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിൽ നിന്ന് അഭിപ്രായ ശേഖരണം നടത്തിക്കൊണ്ട് ആന്റണി ജോൺ എം.എൽ.എ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
ജനങ്ങൾക്ക് നാടിന്റെ വികസനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും തീർത്തും സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് സിറ്റിസൺസ് റെസ്പോൺസ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.
സമൂഹത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുമ്പോൾ മാത്രമേ ഒരു നാട് പുരോഗമിക്കുകയുള്ളൂ എന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ ജനങ്ങളിൽ നിന്ന് അഭിപ്രായ ശേഖരണം നടത്തുന്നത് വളരെ നല്ല കാര്യമാണെന്നും നാടിന്റെ പുരോഗതിക്ക് അത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
കോതമംഗലം ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ കോതമംഗലം നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു അധ്യക്ഷയായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.ബി ബിജു, വാർഡ് കൗൺസിലർ അഡ്വ. ഷിബു കുര്യാക്കോസ്, സിറ്റിസൺസ് റസ്പോൺസ് പ്രോഗ്രാം ജില്ലാ സമിതി അംഗം ജുബൈരിയ ഐസക്, രൂപത വികാരി ജനറലും മാനേജർ ഓഫ് കോളേജുമായ ഫാ. പയസ് മലേക്കണ്ടത്തിൽ, രൂപത എജുക്കേഷൻ സെക്രട്ടറിഫാ.ഷാജി മാത്യു മുണ്ടയ്ക്കൽ, സിറ്റിസൺസ് റെസ്പോൺസ് മണ്ഡലം ചാർജ് ഓഫീസർ ഡി.ഉല്ലാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ജനങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിച്ച് നാടിന്റെ ഭാവി നയനിർമ്മാണത്തിന് ശാസ്ത്രീയ അടിത്തറ സൃഷ്ടിക്കുക എന്നതാണ് ഈ പഠന പരിപാടിയുടെ പ്രധാന ലക്ഷ്യം. 2026 ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെയാണ് സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം സംസ്ഥാനത്ത് നടപ്പാക്കുന്നത്. 18 വയസ്സിന് മുകളിലുള്ള എല്ലാ കേരളീയർക്കും പദ്ധതിയുടെ ഭാഗമാകാൻ കഴിയും. തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാർ നേരിട്ട് വീടുകളിൽ എത്തിയാണ് അഭിപ്രായശേഖരണം നടത്തുന്നത്.























































