കോതമംഗലത്ത്: സംയുക്ത ട്രേഡ് യൂണിയൻ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഫിമുഖ്യത്തിൽ നവമ്പർ 26 ന് 24 മണിക്കൂർ ദേശീയ പൊതു പണിമുടക്കിന്റെ ഭാഗമായി കോതമംഗലം പോസ്റ്റാഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. കേന്ദ്ര സർക്കാരിന്റെ തൊഴിൽ ദ്രോഹ നയങ്ങൾക്കെതിരെ നവംമ്പർ 26 ന് സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്തിട്ടുള്ള 24 മണിക്കൂർ അഖിലേന്ത്യാ പൊതുപണിമുടക്ക് കോതമംഗലം നിശ്ചലമാകുമെന്ന് അറിയിച്ചു.വാഹനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ മേഖലയിലെ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും.
സംയുക്ത ട്രേഡ് യൂണിയൻ ഗാന്ധിസ്ക്വയറിലെ പോസ്റ്റാഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ സി.ഐ.ടി.യു. താലൂക്ക് സെക്രട്ടറി കെ.എ. ജോയി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി.ജനറൽ സെക്രട്ടറി റോയി കെ.പോൾ അദ്ധ്യക്ഷനായി. എച്ച്.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി മുഖ്യ പ്രസംഗം നടത്തി. എ.ഐ.ടി.യു.സി. താലൂക്ക് സെക്രട്ടറി എം.എസ്.ജോർജ്ജ് സ്വാഗതം പറഞ്ഞു. ഐ.എൻ.ടി.യു.സി. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.അബു മൊയ്തീൻ, പി.പി. മൈതീൻഷാ, വി.സി. ഔസേപ്, ശശികുഞ്ഞുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.
കാർഷിക ജനദ്രോഹ ബിൽ പിൻവലിക്കുക,കോവിഡിന്റെ മറവിൽ പൊതുമേഘലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത് നിർത്തലാക്കുക. തൊഴിൽ ദ്രോഹ തൊഴിലാളി ദ്രോഹ നിയമങ്ങൾ തിരുത്തുക. വിലക്കയറ്റം പിടിച്ചു നിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് സമരം സംഘടിപ്പിച്ചിട്ടുള്ളത്.