കോതമംഗലം: കുട്ടമ്പുഴയില്‍ 2024 ഡിസംബര്‍ 16-ന് കാട്ടാനയുടെ ആക്രമണത്തില്‍ എല്‍ദോസ് (40) എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, വനംവകുപ്പിന്റെ വിശദീകരണം തേടി. വനംവകുപ്പിന്റെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി ഡീന്‍ കുര്യാക്കോസ് എംപി കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
എംപിയുടെ പരാതിയില്‍ ഏപ്രില്‍ 29-ന് സംസ്ഥാനത്തെ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനോട് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതുവരെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് കമ്മിഷന്‍ അറിയിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറാഴ്ച സമയം നല്‍കി. സമയപരിധിക്കുള്ളില്‍ റിപ്പോര്‍ട്ട് ലഭിച്ചില്ലെങ്കില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കി.
