കോതമംഗലം : കുറ്റിപ്പുറം അമാന ഹോസ്പിറ്റലിൽ ജൂലൈ 12 ന് ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ പല്ലാരിമംഗലം പുലിക്കുന്നേപടി സ്വദേശി പുതിയേടത്തുകുന്നേൽ മിഥ്ലാജിന്റെ മകളും അമാന ഹോസ്പിറ്റലില നേഴ്സുമായിരുന്ന അമീനയുടെ ദുരൂഹമരണത്തിൽ അന്യോഷണം നടത്തി അമീനക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പിതാവ് മിഥ്ലാജും മാതാവ് ബീമയുംചേർന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകി. അമീനയുടെ വീട്ടിലെത്തിയ കോതമംഗലം എം എൽ എ ആന്റണി ജോണിന് കുടുംബം പരാതി കൈമാറുകയായിരുന്നു. അമീനയുടെ മരണം ആത്മഹത്യയാണെന്നാണ് ആശുപത്രി അധികൃതരുടെ ഭാഷ്യം.
എന്നാൽ അമീന ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും നിലവിലുണ്ടായിരുന്നില്ലെന്നും ആശുപത്രി മാനേജർ അബ്ദുൾ റഹ്മാൻ എന്നയാളുടെ നിരന്തരമായ മാനസീക പീഢനമാണ് മരണത്തിലേക്ക് നയിച്ചതെന്നും കുടുംബം പരാതിയിൽ ചൂണ്ടിക്കാട്ടി. ഇന്റേൺഷിപ്പിന്റെ സർട്ടിഫിക്കറ്റ് നൽകില്ലെന്നും മാനേജർ അമീനയോട് പറഞ്ഞിരുന്നു. മാസം വെറും 3000 രൂപയെന്ന തുച്ചമായ വേതനത്തിനാണ് അമീന ഇവിടെ രണ്ടരവർഷക്കാലമായി ജോലിചെയ്തിരുന്നത്. അമീനയുടെ കുടുംത്തിന് നീതി ലഭിക്കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്നും എം എൽ എ കുടുംബത്തിന് ഉറപ്പുനൽകി.പല്ലാരിമംഗലം പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു, സിപിഐഎം ലോക്കൽ സെക്രട്ടറി എം എം ബക്കർ, യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് ഹാരിസ് മണലുംപാറ എന്നിവരും എംഎൽഎയോടൊപ്പമുണ്ടായിരുന്നു.
