മുവാറ്റുപുഴ : അമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. മുവാറ്റുപുഴ പള്ളിച്ചിറങ്ങരയിൽ വാടകക്ക് താമസിക്കുന്ന വാഗമൺ കാപ്പിപതാൽ കരയിൽ കുറ്റിയിൽ വീട്ടിൽ ശാന്തമ്മയെ കൊലപ്പെടുത്തിയ കേസ്സിൽ മകൻ മനോജ് (46) നെ മൂവാറ്റുപുഴ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ 5 ന് രാത്രിയായിരുന്നു സംഭവം. അമ്മ അയൽവാസികളോട് തന്നെക്കുറിച്ച് അപവാദം പറഞ്ഞു എന്നാരോപിച്ച് വീട്ടിൽ വച്ച് അമ്മയുമായി വഴക്കിടുകയും, അമ്മയുടെ തലയും മുഖവും അടുക്കളയിലെ ഭിത്തിയിൽ ഇടിക്കുകയുമായിരുന്നു. തുടർന്ന് ശർദ്ദിച്ച് അവശയായ ശാന്തമ്മയെ മനോജ് കട്ടിലിൽ കൊണ്ടുവന്ന് കിടത്തി മുഖത്തിടിക്കുകയും കഴുത്തിൽ ഞെക്കുകയുമായിരുന്നു. രാത്രി രക്തം പുരണ്ട വസ്ത്രങ്ങൾ മാറ്റിയും, പരിസരം കഴുകി വൃത്തിയാക്കിയും തെളിവുകൾ നശിപ്പിച്ചു. പിറ്റേ ദിവസം രാവിലെ അമ്മ സുഖമില്ലാതെ കിടക്കുകയാണെന്ന് വ്യാജേന അയൽക്കാരെ അറിയിക്കുകയും, അയൽവാസികൾ വന്ന് നോക്കിയപ്പോൾ മരിച്ചുകിടക്കുന്ന ശാന്തമ്മയെയാണ് കണ്ടത്.
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർമാരായ സി.ജെ.മാർട്ടിൻ, എം.കെ.സജീവൻ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞതും പ്രതിയെ അറസ്റ്റ് ചെയ്തതും. വാഗമണ്ണിൽ നിന്നും കഴിഞ്ഞ് 10 വർഷമായി ഭാര്യയുമായി പിരിഞ്ഞ മനോജ് വർക്ക് ഷോപ്പ് ജോലി ചെയ്ത് പള്ളിച്ചിറങ്ങരയിൽ വാടകക്ക് താമസിച്ചുവരികയായിരുന്നു. അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ സി.കെബഷീർ., എസ്.എൻ.ഷീല., സിവിൽ പോലീസ് ഓഫീസർ സന്ധ്യ എന്നിവരും ഉണ്ടായിരുന്നു.