മുവാറ്റുപുഴ : മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ. മുവാറ്റുപുഴ മുടവൂർ തുരിശ്കോളനിക്ക് സമീപം ആനകുത്തിയിൽ ഭാസ്കരൻ (80) ആണ് വളർത്ത് മകന്‍റെ മർദനത്തെ തുടർന്ന് മരിച്ചത്. കേസ് രജിസ്റ്റർ ചെയ്ത ഉടനെ ഭാസ്കരന്‍റെ വളർത്തുമകനായ ബിനോയി (35) യെ മുവാറ്റുപുഴ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എൻ.രാജേഷിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ വെച്ച് വാക്കുതർക്കത്തിനിടെ ബിനോയ് ഭാസ്കരനെ മർദിച്ചിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ഭാസ്കരന്‍റെ വാരിയെല്ലുകൾ തകർന്നതായും തലക്ക് ക്ഷതം സംഭവിച്ചതായും കണ്ടെത്തിയിരുന്നു. മരണപെട്ട ഭാസ്കരന്‍റെ രണ്ടാമത്തെ ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകൻ ആണ് ബിനോയ്. സംഭവസമയത്ത് ഭാസ്കനും ഭാര്യയും ബിനോയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ബഹളം കേട്ട് ഓടികൂടിയ നാട്ടുകാർ ആണ് ഭാസ്കരനെ ആശുപത്രിയിൽ എത്തിച്ചത്. പ്രതിയായ ബിനോയ്‌ക്ക് എതിരെ മുവാറ്റുപുഴ സ്റ്റേഷനിൽ കഞ്ചാവ്, ലഹരി മരുന്ന് കേസുകൾ നിലവിൽ ഉണ്ട്. അടുത്തിടെ ഗർഭിണിയെ വാഹനം ഇടിച്ച ശേഷം നിർത്താതെ ഓടിച്ചുപോയ കേസിലും ബിനോയ് പ്രതി ആയിരുന്നു.
പ്രതിയെ പിടികൂടിയ അന്വേഷണസംഘത്തിൽ എസ്ഐമാരായ മാഹിൻ സലിം, കെ.കെ.രാജേഷ്, ദിലീപ്കുമാർ, അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ പി.സി.ജയകുമാർ സീനിയർ സി പി ഓമാരായ ഷിഹാബ്, ബിബിൽ മോഹൻ എന്നിവർ ഉണ്ടായിരുന്നു.