മൂവാറ്റുപുഴ: നൂറു ദിനം കൊണ്ട് ഡോ.മാത്യു കുഴൽനാടനിലൂടെ നിരവധി നേട്ടങ്ങൾ കൈവരിക്കാനാനായ മൂവാറ്റുപുഴ നിയോജക മണ്ഡലം സംസ്ഥാനത്തിനു മാതൃകയാണെന്ന് ഡോ. ശശി തരൂർ എം.പി. മാത്യു കുഴൽനാടൻ്റെ പുതിയ എംഎൽഎ ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരത്തിലേറെ യുവാക്കളെ അണിനിരത്തിക്കൊണ്ട് രൂപീകരിച്ച കൊവിഡ് ബ്രിഗേഡ് നിരവധി കൊ വിഡ് രോഗികൾക്ക് ആശ്വാസമായി. അതുപോലെ ഓൺലൈൻ വിദ്യാഭ്യാസ കാലത്ത് ഡിജിറ്റൽ ഡിവൈഡ് അവസാനിപ്പിക്കാൻ മാത്യു കൈക്കൊണ്ട നടപടികൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

വിവര സാങ്കേതിക വിദ്യ പരമാവധി ഉപയോഗിച്ചു കൊണ്ടുള്ള ഓഫീസ് പ്രവർത്തനം കാലഘട്ടത്തിൻ്റെ ആവശ്യമാണ്. മാത്യുവിൻ്റെ ഓഫീസിൽ ജനോപകരാത്തിനുള്ള എല്ലാ ആധുനിക സംവിധാനങ്ങളുമുണ്ട്തരൂർ കൂട്ടിച്ചേർത്തു. പാവപ്പെട്ട വിദ്യാർഥികൾക്ക് മാത്യു നൽകുന്ന 1001-ാമത്തെ ഫോൺ തരൂർ സമ്മാനിച്ചു. അതുപോലെ കാൻസർ രോഗിക്ക് ചികിത്സാ സഹായമായി 50000 രൂപയും നൽകി. മലബാർ ഗോൾഡിൻ്റെ സഹകരണത്തോടെ മികച്ച വിജയം നേടിയ 15 വിദ്യാർത്ഥികൾക്ക് ടാബുകളും 2 നിർദ്ധന കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിന് ധനസഹായവും ശശി തരൂർ വിതരണം ചെയ്തു. മൂവാറ്റുപുഴയ്ക്ക് വേണ്ടി കഴിഞ്ഞ 100 ദിവസത്തിനുള്ളിൽ ധാരാളം കാര്യങ്ങൾ ചെയ്തു എന്നവകാശപ്പെടുന്നില്ല. എന്നിരുന്നാലും എന്നാലാവുന്നത് ചെയ്തു എന്നാണ് കരുതുന്നതെന്ന് ഡോ. മാത്യു കുഴൽ നാടൻ എം എൽ എ പറഞ്ഞു.

എം.എൽ.എ ആയതിനു ശേഷം ചെയ്ത കാര്യങ്ങളിൽ മനസ്സിന് എറ്റവും കുളിർമ നൽകിയത് ഡിജിറ്റൽ മൂവാറ്റുപുഴയുടെ ഭാഗമായി കുട്ടികൾക്ക് ഫോൺ വിതരണം ചെയ്തതായിരുന്നു. വ്യത്യസ്തമായ ഒരു രാഷ്ട്രീയ ശൈലി എന്ന നിലയിൽ ഡിജിറ്റൽ ഡിവൈഡ് പരിഹരിക്കാൻ സർക്കാർ മുന്നോട്ട് വരുന്നില്ലെങ്കിൽ അതിനോടുള്ള പ്രതിഷേധം രേഖപ്പെടുത്താൻ മൂവാറ്റുപുഴ മണ്ഡലത്തിലെ അർഹരായ കുട്ടികൾക്ക് സ്വന്തം നിലയ്ക്ക് സ്മാർട്ട് ഫോണുകൾ നൽകി പ്രതിഷേധിക്കും എന്ന് നിയമസഭയിൽ പറഞ്ഞിരുന്നു.
ഇതിനോടകം ഡിജിറ്റൽ മൂവാറ്റുപുഴയുടെ ഭാഗമായി സ്കൂളുകളുടേയും പാർട്ടിയുടേയും മറ്റ് സന്നദ്ധ സംഘടനകളുടേയുമൊക്കെ സഹായത്തോടെ 1089 സ്മാർട്ട് ഫോണുകളാണ് മണ്ഡലത്തിൽ നേരിട്ട് വിതരണം നടത്തിയത്. കർഷകരുടെ പ്രശ്നങ്ങൾ, ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ നിയമസഭയിലെത്തിക്കാൻ സാധിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ
കെ.എം.സലീം അദ്ധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുൻ എം എൽ എ ജോണി നെല്ലൂർ, മുൻ എം പി ഫ്രാൻസിസ് ജോർജ് , റോയി കെ. പൗലോസ്, നഗരസഭ ചെയർമാൻ പി.പി എൽദോസ്, കെ.എം. അബ്ദുൽ മജീദ്, നിർമ്മല സ്കൂൾ പ്രിൻസിപ്പൽ ആന്റണി പുത്തൻകുളം, അഡ്വ. വർഗ്ഗീസ് മാത്യു, കെ.എം. പരീത്, വിൻസന്റ് ജോസഫ്, സലീം ഹാജി, ജോസ് പെരുമ്പള്ളി കുന്നേൽ, പി.എ. ബഷീർ, എം.എസ്. സുരേന്ദ്രൻ , ടോമി പാലമല എന്നിവർ സംസാരിച്ചു.
ബാംബു ഡേയോടനുബന്ധിച്ച് നിർമ്മല സ്ക്കൂൾ അങ്കണത്തിൽ ശശി തരൂർ എം പി ബാംബു നട്ടശേഷമാണ് ശശി തരൂർ മടങ്ങിയത്.
ചിത്രം :ഡോ.മാത്യു കുഴൽ നാടൻ എം.എൽ.എ.യുടെ ഓഫീസ് ഡോ.ശശി തരൂർ എം.പി.ഉൽഘാടനം ചെയ്യുന്നു.
ഫാദർ ആൻറണി പുത്തൻകുളം, കെ.എം.അബ്ദുൾ മജീദ്, ഉല്ലാസ് തോമസ്, റോയി കെ.പൗലോസു്, ഡോ.മാത്യു കുഴൽ നാടൻ, കെ.എം.സലിം ,ജോണി നെല്ലൂർ, ഫ്രാൻസിസ് ജോർജ്ജ്, വിൻസെൻ്റ് ജോസഫ്, ജോസ് പെരുമ്പിള്ളിൽ സമീപം.



























































