മൂവാറ്റുപുഴ: മൂവാറ്റുപുഴ കെഎസ്ആർടിസി ഡിപ്പോയിൽ ഇനി മുതൽ പൊതുജനങ്ങൾക്കും ഇന്ധനം നിറയ്ക്കാം. 18ന് രാവിലെ ഒമ്പതിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിക്കും. മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷത വഹിക്കും. കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിനുവേണ്ടിയാണ് എണ്ണ കമ്പനികളുമായി ചേർന്ന് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്ത് ഏഴ് പമ്പുകളാണ് തുറന്നുകൊടുക്കുന്നത്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായാണ് കെഎസ്ആർടിസി ഇന്ധന ഔട്ട്ലറ്റ് ആരംഭിക്കുന്നത്. സംസ്ഥാനത്തുടനീളം പൊതുജനങ്ങൾക്കായി 75 ഇന്ധന ചില്ലറ വിൽപനശാലകൾ സ്ഥാപിക്കുന്നതിനാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്.
എംസി റോഡിനോട് ചേർന്ന് മൂവാറ്റുപുഴ ഡിപ്പോ പ്രവർത്തിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് ഏറെ സൗകര്യപ്രദവുമാണ്. ആദ്യ ദിവസം മുതൽ തന്നെ ഇവിടെനിന്നു പെട്രോളും ഡീസലും നിറക്കുന്നതിനുളള സൗകര്യം ലഭ്യമായിരിക്കുമെന്ന് മൂവാറ്റുപുഴ ഡിപ്പോ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ സാജൻ സ്കറിയ പറഞ്ഞു. വാഹനത്തിന് എയർ നിറയ്ക്കുന്നതിനും ഓയിൽ മാറ്റുന്നതിനുമുള്ള സൗകര്യം പമ്പിലുണ്ടായിരിക്കും.
ഡീൻ കുര്യാക്കോസ് എംപി, നഗരസഭഅധ്യക്ഷൻ പി.പി. എൽദോസ്, പ്രതിപക്ഷ നേതാവ് ആർ. രാകേഷ്, സ്ഥിരംസമിതി അധ്യക്ഷൻ ജോസ് കുര്യാക്കോസ്, എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി. പ്രദീപ് കുമാർ, മധ്യമേഖല എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം. ഷറഫ് മുഹമ്മദ്, ഐഒസിഎൽ കേരള സ്റ്റേറ്റ് ഹെഡ് ആൻഡ് ചീഫ് ജനറൽ മാനേജർ വി.സി. അശോകൻ, കേരള സെയിൽസ് റീടെയിൽ ഇൻ ചാർജ് ജനറൽ മാനേജർ ദീപക് ദാസ്, അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ സാജൻ സ്കറിയ, മിഥുൻ സി. കുമാർ, വി.എ. നിയാസ്, കെ.ആർ. രമേശ് കുമാർ തുടങ്ങിയവർ പ്രസംഗിക്കും.