കോതമംഗലം : സർക്കാരിൻ്റെ പരിഗണനയിലുള്ള വനനിയമഭേദഗതിയിലെ ശുപാർശകൾ ഗൗരവത്തിൽ എടുക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം ആവശ്യപ്പെട്ടു.വന നിയമ ഭേദഗതി നിയമത്തിലെ പല ശുപാർശകളും വന മേഖലകളിൽ താമസിക്കുന്നവരെ ദ്രോഹിക്കുന്നതാണെന്നും വാറൻ്റ് പോലും ഇല്ലാതെ ബീറ്റ് ഫോറസ്റ്റർക്ക് അറസ്റ്റ് ഉൾപ്പെടെ നടത്താൻ അധികാരം നല്കുന്ന നിയമ ഭേദഗതി സർക്കാർ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വനനിയമ ഭേദഗതിയിലെ തെറ്റായ ശുപാർശകളെ സർക്കാർ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടും ഇക്കാര്യം സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തണമെ
ന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ് കോതമംഗലം നിയോജകമണ്ഢലം കമ്മിറ്റി നല്കിയ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014 ൽ കുഞ്ചിപ്പാറ അംഗനവാടി അധ്യാപിക ലിസ്സി ബെന്നിയെ കാട്ടാന ചവുട്ടി കൊന്നതു മുതൽ പതിനഞ്ചോളം പേരെ കാട്ടാന ഉൾപ്പെടെ ആക്രമിച്ച് കൊലപ്പെടുത്തിയിട്ടും വന്യമൃഗങ്ങളുടെ ആക്രമണത്തിന് പരിഹാരം കാണാൻ അധികാരികൾക്ക് ആയില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാണ്ടി.
ഉരുളൻതണ്ണിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കൊടിയാത്ത് എൽദോസിൻ്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരവുമായിബന്ധപ്പെട്ട് അധികൃതർ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല. 2017 ൽ പൂയംകുട്ടിയിൽ വേങ്ങൂരാൻ ജോണി മരിച്ചപ്പോൾ ജനവാസ മേഖലയിൽ ട്രഞ്ച് നിർമ്മിക്കാമെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു.2022 ൽ മാമലക്കണ്ടത്ത് കാട്ടാന കൊലപ്പെടുത്തിയനളിനി കൃഷ്ണൻകുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഇതിനൊന്നും പരിഹാരം കാണാതെയാണ് വനനിയമത്തിൽ ഭേദഗതി വരുത്തി നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും നിവേദനത്തിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.വി ഇ അബ്ദുൾ ഗഫൂർ,
ജില്ലാ ആക്ടിംഗ് പ്രസിഡൻ്റ് ഇബ്രാഹിം കവല,ജില്ലാ വൈസ് പ്രസിഡൻ്റ്ടി എം അബ്ബാസ്, കോതമംഗലംനിയോജക മണ്ഢലംപ്രസിഡൻ്റ് കെ മുഹമ്മദ് ഇഖ്ബാൽ, ജന.സെക്രട്ടറി കെ എം കുഞ്ഞുബാവ,ട്രഷറർ പി എം എ കരീം, വൈസ് പ്രസിഡൻ്റ് സി എം മീരാൻ,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അലി അൾട്ടിമ,മുസ്ലിംലീഗ് പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദ്, ബാവ മുറിയോടി എന്നിവർ സംബന്ധിച്ചു.