കോതമംഗലം : കോതമംഗലം മുൻ രൂപതാധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികൾക്കും നാട്ടുകാർക്കും എതിരെ വനംവകുപ്പ് എടുത്തിരിക്കുന്ന കള്ളക്കേസ് പിൻവലിക്കുകയും നടപടികൾ അവസാനിപ്പിക്കുകയും ചെയ്തില്ലെങ്കിൽ രാജപാതയിലൂടെ താനും നടക്കും എന്നും അതിൻ്റെ പേരിലുള്ള എന്തു നടപടിയെയും നേരിടാൻ തയ്യാറാണെന്നും കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പ്രഖ്യാപിച്ചു. രൂപതയുടെ നേതൃത്വത്തിൽ കോതമംഗലത്ത് നടത്തിയ പ്രതിഷേധാഗ്നിയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വനംവകുപ്പ് അവകാശ ലംഘനവും ക്രൂരതയും തുടർന്നാൽ പുന്നക്കോട്ടിൽ പിതാവ് പണ്ട് വാഹനത്തിൽ യാത്ര ചെയ്യുകയും പ്രതിഷേധയാത്രയിൽ പങ്കെടുത്ത് നടക്കുകയും ചെയ്ത വഴിയിലൂടെ താനും നടക്കും. അതിൻ്റെ പേരിലുള്ള എന്ത് പ്രത്യാഘാതവും നേരിടാൻ തയ്യാറാണ്. 89 കാരനായ പിതാവ് ഒരിക്കലും തനിച്ചാകില്ല. രൂപതയും വിശ്വാസ സമൂഹവും താനും ഒറ്റക്കെട്ടായി കൂടെയുണ്ടാകും. അത് അറസ്റ്റ് വരിക്കാൻ ആണെങ്കിലും ജയിലിലേക്ക് ആണെങ്കിലും പിന്മാറില്ല.
രൂപതയ്ക്കോ സഭക്കോ ആ മേഖലകളിൽ എസ്റ്റേറ്റോ വൻകിട സ്ഥാപനങ്ങളോ ഇല്ല. രൂപതാ അംഗങ്ങളായ ആളുകളും താരതമ്യേന കുറവാണ്. പ്രത്യേകിച്ച് എന്തെങ്കിലും നേട്ടം ഉണ്ടാ ക്കണമെന്ന താല്പര്യങ്ങളുമില്ല.
വ്യത്യസ്ത മതവിശ്വാസികളും രാഷ്ട്രീയ വിശ്വാസികളുമായ സാധാരണക്കാരുടെ ന്യായമായ അവകാശം സംരക്ഷിക്കാനാണ് സഭയും രൂപതയും നിലപാടുമായി മുന്നോട്ടുപോകുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
രാഷ്ട്രീയ-മത വ്യത്യാസങ്ങൾക്കതീതമായി എല്ലാവരും ഒറ്റക്കെട്ടായി ഈ ജനദ്രോഹ നടപടിക്കെതിരെ മുന്നോട്ടുവരണമെന്നും ജനാധിപത്യ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.
വന്യമൃഗങ്ങളും വനം വകുപ്പുമല്ല വനമന്ത്രിയെ ജനപ്രതിനിധിയാക്കിയത്. തിരഞ്ഞെടുത്ത ജനം പറയുന്നത് കൂടി കേൾക്കാനുള്ള മര്യാദ വനംമന്ത്രി കാണിക്കണം. ജനഹിതവും സത്യവും സർക്കാർ രേഖകളും അവഗണിച്ച് സഞ്ചാരസ്വാതന്ത്ര്യം തടയാനാണ് ഇനിയും ശ്രമിക്കുന്നതെങ്കിൽ അത് കയ്യും കെട്ടി നോക്കിനിൽക്കില്ലെന്ന് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ മുന്നറിയിപ്പ് നൽകി.
