കോതമംഗലം:- കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ആൻ്റണി ജോൺ എംഎൽഎ കോതമംഗലം മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുള്ള “മെഡിസിൻ ഹെൽപ് ” പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയരായിട്ടുള്ളവർക്ക് മരുന്നുകൾ നല്കി. അടച്ചു പൂട്ടൽ വന്ന പശ്ചാത്തലത്തിൽ ഇവർ മരുന്നിനും മറ്റും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് എംഎൽഎയുടെ “മെഡിസിൽ ഹെൽപ് ” പദ്ധതിയുടെ ഭാഗമായി ഇവർക്കാവശ്യമായ മരുന്നുകൾ നല്കിയത്. ഇവർക്ക് ഒരു മാസത്തേക്ക് ആവശ്യമായ മരുന്നുകകളാണ് വിതരണം നടത്തിയത്. 5000 രൂപ മുതൽ 30000 രൂപ വരെയുള്ള മരുന്നുകൾ ഉപയോഗിക്കുന്നവരാണ് ഇവരിൽ ഏറെയും. ഇവർക്കാവശ്യമായ ഒരു മാസത്തേക്കുള്ള മരുന്നുകൾ ആൻ്റണി ജോൺ എംഎൽഎ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ എൻ യു അഞ്ജലിക്ക് കൈമാറി.
ലോക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ തന്നെ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ പുനരധിവാസ സ്ഥാപനങ്ങൾ,ക്യാൻസർ,ഹൃദ്രോഗം,വൃക്ക സംബന്ധവുമായ അസുഖങ്ങൾ എന്നിവയാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവർക്കും ഈ പദ്ധതിയുടെ ഭാഗമായി സഹായങ്ങൾ നല്കിയിരുന്നു. തുടർന്നും പദ്ധതിയുടെ ഭാഗമായി അർഹരായവർക്ക് സഹായങ്ങൾ എത്തിച്ചു നല്കുമെന്നും പദ്ധതിയുടെ നല്ല നിലയിലുള്ള മുന്നോട്ട് പോക്കിന് സുമനസ്സുകളുടെ സഹായം ലഭിക്കുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു.താലൂക്ക് ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ ലിവർ ഫൗണ്ടേഷൻ ഓഫ് കേരള സ്റ്റേറ്റ് കോ ഓർഡിനേറ്റർ മോഹനചന്ദ്രൻ പി കെ,ശ്രീകുമാർ ബി,അനുമോദ് ക്യഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.