കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് 2022 ലെ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ആണ് സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ ഖര ദ്രാവക മാലിന്യത്തിന്റെ ശാസ്ത്രീയ ശേഖരണത്തിനും സംസ്കരണത്തിനും ഏറ്റവും കുറഞ്ഞ പ്രവർത്തനവും പരിപാലനവുമുള്ള സാങ്കേതികവിദ്യ കണ്ടത്തുക എന്നതായിരുന്നു എംബിറ്റ്‌സ് ടീമിന് ലഭിച്ച വിഷയം. ഇതിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനായുള്ള നൂതന ആശയം ആണ് എംബിറ്റ്‌സ് വിദ്യാർത്ഥികൾ കണ്ടുപിടിച്ചത്. കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്റെ കീഴിലാണ് പ്ലാസ്റ്റിക് മാലിന്യ സംസ്കരണം വരുന്നത്. കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളായ എബിൻ കെ എസ്, അനന്തകൃഷ്‌ണൻ, അനു പ്രൈസ് ജോണി, സിജിന സി ജെ, ബേസിൽ ബിജു, ബിൻസ് ബിനോയ് എന്നിവർ മെക്കാനിക്കൽ എഞ്ചിനീയറിംഗ് അധ്യാപകൻ അഭിലാഷ് കെ വി യുടെ നേതൃത്വത്തിലാണ. പ്രൊജക്റ്റ് രൂപകൽപ്പന ചെയ്തത്.
വീടുകളിൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന പ്ലാസ്റ്റിക് പാക്കറ്റുകൾ റീസൈക്ളിങ് ചെയ്യുന്നതാണ് സാധാരണയായി ചെയ്യാറുള്ളത്. എന്നാൽ പൈറോലിസിസ് എന്ന ആശയത്തിലൂടെ പ്ലാസ്റ്റിക്കിൽ നിന്നും ക്രൂഡ് ഓയിൽ ഉല്പാദിപ്പിക്കയാണ് തങ്ങളുടെ പ്രൊജക്റ്റ് എന്ന് ടീം ലീഡർ എബിൻ പറഞ്ഞു. പൈറോലിസിസ് ചെയ്യുന്നതിനായി ആവശ്യമുള്ള ഊർജം, ഭക്ഷണം പാചകം ചെയ്യുമ്പോൾ പാഴകുന്ന ചൂടിൽ നിന്നുമാണ് ഇവർ ഉപയോഗിക്കുന്നത്. ഇതിനായി പ്രത്യേക സംവിധാനവും രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഭക്ഷണം പാചകം ചെയ്യുമ്പോൾ പാഴാകുന്ന ചൂട് ഉപയോഗിക്കുന്നതിനാൽ ഒരേ സമയം ഭക്ഷണം പാചകം ചെയ്യുന്നതും പൈറോലിസിസ് ആശയവും നടക്കുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഈ മാസം 25 മുതൽ 29 വരെ ആന്ത്രപ്രദേശിലെ ക്യു. ഐ എസ് കോളേജ് ഓഫ് എഞ്ചിനീറിങ്ങിൽ ആണ് സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ നടക്കുക.
രാജ്യത്തെ ഏറ്റവും വലിയ സാങ്കേതിക മത്സരമായ സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിന് 2017 ൽ ആതിഥ്യം വഹിച്ചത് എംബിറ്റ്‌സ് ആയിരുന്നു. 2019,2021 വർഷങ്ങളിൽ എംബിറ്റ്‌സ് ഹാക്കത്തോൺ ജേതാക്കളും ആയിരുന്നു.