കോതമംഗലം :- ദീർഘ കാലമായി ഒരേ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന വ്യത്യസ്ത മേഖലകളിലെ തൊഴിലാളികളെ ആദരിച്ചു കൊണ്ട്, പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം ലോക തൊഴിലാളി ദിനം ആചരിച്ചു.സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള 70 ഇന പരിപാടികളുടെ ഭാഗമായാണ് ഈ പരിപാടി ആസൂത്രണം ചെയ്തത്.പെയിന്റിംഗ്,കെട്ടിട നിർമ്മാണം,തെങ്ങു കയറ്റം,മരം വെട്ട്,ബസ്,ഓട്ടോറിക്ഷ,കൂലിപ്പണി,കൃഷി എന്നിങ്ങനെ വ്യത്യസ്ത മേഖലയിലുള്ള 20 തൊഴിലാളികളെയാണ് എൻ എസ്സ് എസ് ആദരിച്ചത്.ഓരോ തൊഴിലാളിക്കും ഉപഹാരത്തോടൊപ്പം 1000 രൂപ സമ്മാനവും നൽകി.പി റ്റി എ പ്രസിഡന്റ് മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ച യോഗം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം ഓഫീസർ ഷെറിൽ ജേക്കബ് പദ്ധതി അവതരണവും സ്വാഗത പ്രസംഗവും നടത്തി.പ്രിൻസിപ്പൽ സുനിൽ എ മുഖ്യപ്രഭാഷണം നടത്തി.എൻ എസ് എസ് ലീഡർ വിശാൽ പരിപാടിക്ക് ആശംസകളർപ്പിക്കുകയും ലീഡർ മരിയ എം ബിജു നന്ദി അർപ്പിക്കുകയും ചെയ്തു.
