- ഷാനു പൗലോസ്
കോതമംഗലം: ഓടക്കാലി സെന്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളി മലങ്കര ഓർത്തഡോക്സ് സഭക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഓർത്തഡോക്സ് സഭ നൽകിയ കേസിൽ സുപ്രധാന നിരീക്ഷണം.
1934ലെ ഭരണഘടന പ്രകാരം മലങ്കര ഓർത്തഡോക്സ് സഭയുടെ ആത്മീയ പരമ മേലധ്യക്ഷൻ ആകമാന സുറിയാനി സഭയുടെ പാത്രിയർക്കീസ് ബാവയാകുന്നു എന്ന് വളരെ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നത് ചൂണ്ടിക്കാട്ടി. ഓർത്തഡോക്സ് സഭയുടെ അഭിഭാഷകൻ ഇപ്പോഴത്തെ പാത്രിയർക്കീസിനെ ഓർത്തഡോക്സ് സഭ അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞതും നിശിതമായി കോടതി വിമർശിച്ചു.
മലങ്കര സഭയുടെ അസ്ഥിത്വവും, നിലനിൽപ്പും പൂർണ്ണമാകണമെങ്കിൽ അന്ത്യോഖ്യ പാത്രിയാർക്കീസിനെ ആത്മീയ പരമ മേലധ്യക്ഷനായി അംഗീകരിക്കണമെന്നും കോടതി പറഞ്ഞു. മലങ്കര സഭ സ്വയം ശീർഷകം അല്ല. പള്ളികൾ പിടിച്ചെടുക്കാൻ മാത്രമാണോ നിങ്ങൾ 1934 ഭരണഘടന ഉപയോഗിക്കുന്നതെന്നും ഓർത്തഡോക്സ് സഭയുടെ അഭിഭാഷകൻ ശ്രീകുമാറിനോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച ഓടക്കാലി പള്ളിക്കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിക്കവേ 1934 ഭരണഘടനയിലെ 101 വകുപ്പ് പ്രകാരം ഇപ്പോൾ മലങ്കര ഓർത്തഡോക്സ് സഭ അംഗീകരിക്കുന്ന പാത്രിയർക്കീസ് ഇല്ലെന്നും മലങ്കര ഓർത്തോഡോക്സ് സഭയുടെ അനുവാദത്തോടെ വാഴിക്കുന്ന പാത്രിയർക്കീസിനെ മാത്രമേ തങ്ങൾക്ക് അംഗീകരിക്കാൻ പറ്റുകയുള്ളൂവെന്ന് ഓർത്തഡോക്സ് സഭ വാദിച്ചിരുന്നു. എന്ത് കൊണ്ടാണ് അന്ത്യോഖ്യാ പാത്രിയർക്കീസിനെ അംഗീകരിക്കാത്തത് എന്ന് ഓർത്തഡോക്സ് കാതോലിക്ക മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇന്ന് വ്യക്തമായ നൽകുവാൻ ഓർത്തഡോക്സ് വിഭാഗത്തിന് സാധിച്ചില്ല.
ഓടക്കാലി യാക്കോബായ പള്ളിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മലങ്കര ഓർത്തഡോക്സ് സഭയുടെ 1934 ഭരണഘടനയുടെ 101 വകുപ്പ്, 1995 സുപ്രീം കോടതി വിധി പ്രകാരവും 2017 വിധി പ്രകാരവും ഓർത്തഡോക്സ് സഭയുടെ വാദം നിലനിൽക്കുന്നതല്ലെന്ന് അസന്നിഗ്ദ്ധമായി ചൂണ്ടിക്കാട്ടി.
മലങ്കര ഓർത്തഡോക്സ് സഭ സ്വയം ശീർഷ സഭയാണെന്ന് തെളിയിക്കേണ്ട ബാധ്യതയും അതോടൊപ്പം 2017 കോടതി വിധിയുടെ നിലനിൽപ്പും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ തുടർ വാദം 2021 ഡിസംബർ 10 വെള്ളിയാഴ്ച നടക്കും.