കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന 40 – മത് എം. ജി. യൂണിവേഴ്സിറ്റി പുരുഷ – വനിതാ ക്രോസ് കൺട്രി മത്സരത്തിൽ ഇരു വിഭാഗങ്ങളിലും വിജയിച്ച് താരരാജാക്കന്മാരായി എം. എ. കോളേജ്. 2016 മുതൽ തുടർച്ചയായി 7 വർഷക്കാലം പുരുഷ വിഭാഗം ചാമ്പ്യൻമാരാണ് കോതമംഗലം എം. എ. കോളേജ്.വനിതാ വിഭാഗത്തിൽ ചെങ്ങനാശ്ശേരി അസംപ്‌ഷൻ കോളേജിന്റെയും, പാലാ അൽഫോൺസായുടെയും കുത്തകയായിരുന്ന കിരീടം ചരിത്ര വിജയത്തിലൂടെ എം. എ. കോളേജിന്റെ പെൺ കരുത്തുകൾ ഇത്തവണ സ്വന്തമാക്കി. ഡോ. ജോർജ് ഇമ്മാനുവൽ ആണ് മുഖ്യ പരീശീലകൻ.10 ൽ പരം കോളേജ് ടീമുകളിൽ നിന്നായി 60ൽ പരം കായിക താരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. പുരുഷ, വനിതാ വിഭാഗങ്ങളിൽ കോതമംഗലം എം. എ. കോളേജ് ഒന്നാം സ്ഥാനം കരസ്തമാക്കിയപ്പോൾ, എസ് ബി. കോളേജ് ചെങ്ങനാശ്ശേരി രണ്ടാമതും, സെന്റ് തോമസ് കോളേജ് പാലാ മൂന്നാമതും എത്തി. വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജ് രണ്ടാമതും, ചെങ്ങനാശ്ശേരി അസംപ്‌ഷൻ കോളേജ് മൂന്നാം സ്ഥാനവും നേടി.
വ്യകതിഗത പുരുഷ വിഭാഗം മത്സരത്തിൽ ആനന്ദ് കൃഷ്ണ കെ, ഷെറിൻ ജോസ്, സുജീഷ് എസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. മൂവരും എം. എ. കോളേജ് താരങ്ങൾ ആണ്. വനിതാ വിഭാഗത്തിൽ കോതമംഗലം എം. എ. കോളേജിന്റെ ശ്വേത കെ, അൻസ് മരിയ തോമസ്എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ചെങ്ങനാശ്ശേരി അസംപ്‌ഷൻ കോളേജിന്റെ അഞ്ജു മുരുകനാണ് മൂന്നാം സ്ഥാനം. ക്രോസ് കൺട്രി മത്സരത്തിൽ മിന്നും വിജയം നേടിയ കായിക താരങ്ങളെയും, പരിശീലകൻ ഡോ. ജോർജ് ഇമ്മാനുവലിനെയും എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ്, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, കായിക വകുപ്പ് മേധാവി പ്രൊഫ. ഹാരി ബെന്നി, കായികാദ്യപിക സ്വാതി കെ. കെ എന്നിവർ അഭിനന്ദിച്ചു