ഒക്കൽ : കാലടി പാലം എന്നത് ജനാഭിലാഷം ആണെന്നും അതിന്റെ പൂർത്തീകരണത്തിന് സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും അഡ്വക്കറ്റ് എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു. കാലടി പാലത്തിൽ ഉണ്ടാകുന്ന നിരന്തരമായ ബ്ലോക്ക് മൂലം എംഎൽഎ ബോർഡ് വെച്ച് യാത്ര ചെയ്യുന്നതിന് പോലും ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും എംഎൽഎ ചൂണ്ടിക്കാട്ടി .”കാലടി പാലം യാഥാർഥ്യമാക്കുക”എന്ന ആവശ്യവുമായി ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മനോജ് തോട്ടപ്പള്ളി നയിക്കുന്ന ഒക്കൽ മുതൽ സെക്രട്ടേറിയറ്റ് വരെ 240 കിലോമീറ്റർ സൈക്കിൾ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വക്കറ്റ് എൽദോസ് കുന്നപ്പിള്ളി എംഎൽഎ.
അങ്കമാലിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ പ്രധാന റോഡുകളിൽ ഒന്നായ എംസി റോഡിൽ കാലടി പാലം വഴി യാത്ര ചെയ്യുന്ന യാത്രക്കാർക്ക് അത് ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമായിരിക്കും. അര നൂറ്റാണ്ടു മുൻപ് പണിത കാലടി പാലത്തിലെ ഗതാഗത കുരുക്കിൽ പെട്ട് മണിക്കൂറുകൾ റോഡിൽ കിടക്കേണ്ടി വരുന്ന യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണുവാനാണ് ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മനോജ് തോട്ടപ്പള്ളി യുടെ നേതൃത്വത്തിൽ ഒക്കലിൽ നിന്ന് തിരുവനന്തപുരത്തേക്ക് ജനകീയ സൈക്കിൾ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 6 മണിക്ക് അഡ്വക്കറ്റ് എൽദോസ് കുന്നപ്പിള്ളി എംഎൽഎ, റോജി എം ജോൺ എംഎൽഎ എന്നിവർ ചേർന്ന് സൈക്കിൾ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
ചടങ്ങിൽ കോൺഗ്രസ് ഒക്കൽ മണ്ഡലം പ്രസിഡന്റ് ടി ആർ പൗലോസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക് പ്രസിഡണ്ട് ഷാജി സലിം, ഒക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിന്ധു ടീച്ചർ, കൂവപ്പടി ബ്ലോക്ക് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ജെ. ബാബു, പഞ്ചായത്ത് അംഗങ്ങളായ റ്റി. എൻ. മിഥുൻ, ഇ. എസ്. സനിൽ, കെ. എം. മുഹമ്മദ് ഷിയാസ്, രാജേഷ് മാധവൻ, തുടങ്ങി കോൺഗ്രസിനെയും യൂത്ത് കോൺഗ്രസിന്റെ യും ബ്ലോക്ക് മണ്ഡലം ഭാരവാഹികളും പങ്കെടുത്തു. ഒക്കൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാബു മൂലനും ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ രാജേഷും ഉൾപ്പെടെ 12 പേരാണ് സൈക്കിൾ യാത്രയിൽ പങ്കെടുക്കുന്നത്. സൈക്കിൾ യാത്രയ്ക്ക് വിവിധകേന്ദ്രങ്ങളിൽ എംപിമാർ എംഎൽഎമാർ സാമൂഹിക സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ചേർന്ന് സ്വീകരണം നൽകും.
ഓഗസ്റ്റ് മൂന്നിന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന സൈക്കിൾ യാത്രയ്ക്ക് പ്രതിപക്ഷ നേതാവ് വി. ഡി.സതീശന്റെ നേതൃത്വത്തിൽ എംഎൽഎമാരായ അഡ്വക്കറ്റ് എൽദോസ് കുന്നപ്പള്ളി, റോജി എം ജോൺ, അൻവർ സാദത്ത് എന്നിവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവർക്ക് കാലടി സമാന്തര പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് നിവേദനങ്ങൾ കൈമാറും എന്ന് ജാഥാ ക്യാപ്റ്റനും ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയ മനോജ് തോട്ടപ്പള്ളി അറിയിച്ചു.