കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഒന്നാം വർഷ ബിരുദവിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ തുടങ്ങുന്നതിന് മുന്നോടിയായുള്ള “ഇൻഡക്ഷൻ പ്രോഗ്രാം” ആരംഭിച്ചു. രാവിലെ ഗൂഗിൾമീറ്റ് വഴിആംരംഭിച്ച പ്രോഗ്രാം പ്രിൻസിപ്പൽ ഡോ. ഷാന്റി എ അവിരാ ഉദ്ഘാടനം ചെയ്തു. 3 വർഷത്തെ ഡിഗ്രി പ്രോഗ്രാമുകൾക്ക് ചേർന്നിട്ടുള്ള വിദ്യാർത്ഥികൾ കോവിഡ് – 19 പ്രോട്ടോക്കോൾ സാഹചര്യത്തിൽ എങ്ങനെ കാര്യക്ഷമമായി ക്ലാസ്സുകൾ ശ്രദ്ധിക്കണമെന്നും പഠന പ്രവർത്തനങ്ങൾ എങ്ങനെ ക്രോഡീകരിക്കാം എന്നും പ്രിൻസിപ്പൽവിദ്യാർത്ഥികളെ ബോദ്ധ്യപ്പെടുത്തി. “ജീവിതത്തിൽ നാം എങ്ങനെ അർത്ഥവും സന്തോഷവും കണ്ടെത്തുന്നു” എന്ന വിഷയത്തിൽ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകനായ ഫാദർ ഡേവിസ് ചിറമേൽ ക്ലാസ്സെടുത്തു. ഒന്നാമനാകുക എന്നതിനേക്കാൾ നല്ല മനുഷ്യനാക്കുക, എത്ര പണം സമ്പാദിച്ചു എന്നതിനെക്കാൾ ജീവിതത്തിൽ സന്തോഷം കണ്ടെത്തുക എന്ന സന്ദേശം നാനൂറിൽ പരം വിദ്യാർത്ഥികൾക്ക് നൽകി. ജീവിത മൂല്യങ്ങൾ വിദ്യാർത്ഥികളിൽ പേരുറപ്പിക്കുന്ന ഉത്തരങ്ങളാണ് ചോദ്യങ്ങൾക്കുള്ള മറുപടിയിൽ അദ്ദേഹം നൽകിയത് . ഡോ. ക്ലോഡിൻ റോച്ച സ്വാഗതവും ഡോ.സീന ജോൺ നന്ദിയും പറഞ്ഞു.
ഉച്ച കഴിഞ്ഞ് രണ്ടു മണിക്കുള്ള സെഷനിൽ “കായിക വിദ്യാഭ്യാസത്തിന്റെയും കായികക്ഷമതയുടെയും ആധുനിക ജീവിതത്തിലെ പ്രസക്തി ” എന്ന വിഷയത്തിൽ കോളേജിലെ കായിക വിദ്യാഭ്യാസ വിഭാഗം മേധാവി ഹാരി ബന്നി ക്ലാസ്സെടുത്തു. ലോകം കോവിഡ് മഹാമാരിയെ പ്രതിരോധിച്ചു കൊണ്ടിരിക്കുമ്പോൾ ശരീരത്തിന്റെ കായിക ക്ഷമത കൊണ്ട് എങ്ങനെ പ്രതിരോധം തീർക്കാം, നല്ല ആരോഗ്യ ശീലങ്ങളെന്തൊക്കെ, കൗമാര കാലത്ത് എങ്ങനെ കായിക ക്ഷമത കൈവരിക്കാം എന്ന് നിരവധി ഉദാഹരണങ്ങളിലൂടെ അദ്ദേഹം വിവരിച്ചു. വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിൽ ഭക്ഷണശീലങ്ങളായിരുന്നു കേന്ദ്ര വിഷയം. ഡോ. മൃദുല വേണു ഗോപാൽ സ്വാഗതവും ഡോ. എ. വെ. എൽദോസ് നന്ദിയും പറഞ്ഞു.