കോതമംഗലം: പിണ്ടിമന വേട്ടാമ്പാറയിലെ ടാര്‍ മിക്‌സിംഗ് പ്ലാന്റിന് മുമ്പില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നാട്ടുകാരുടെ പ്രതിഷേധം. ഇന്നലെ (വ്യാഴാഴ്ച) പ്ലാന്റിലേക്ക് ടാറുമായി ടാങ്കര്‍ ലോറി എത്തിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.പ്ലാന്റിലേക്ക് ലോറിയെ കടത്തിവിടാതെ തടഞ്ഞ് തിരിച്ചയക്കുകയായിയിരുന്നു. ഏറെ നേരം നീണ്ട് നിന്ന വാക് വാദങ്ങൾക്കൊടുവിൽ പോലിസും സ്ഥലത്തെത്തിയിരുന്നു. സംഭവം സംഘർഷത്തിൻ്റെ വക്കോളമെത്തി. ഒടുവിൽ ടാങ്കർ തിരിച്ചയക്കുകയായിരുന്നു.
ബുധനാഴ്ച പ്ലാന്റില്‍ നിന്ന് ടാർ മിക്സുമായി പുറത്തേക്ക് വന്ന ലോറികള്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു.ചര്‍ച്ചയിലൂടെ ധാരണയിലെത്തിയശേഷമെ ഇനി പ്ലാന്റ് പ്രവര്‍ത്തിപ്പിക്കു എന്ന പോലിസിന്റെ ഉറപ്പിലാണ് മണിക്കൂറുകള്‍ക്ക് ശേഷം വാഹനങ്ങള്‍ കടത്തിവിടാന്‍ നാട്ടുകാര്‍ തയ്യാറായത്.ഈ ഉറപ്പ് ലംഘിച്ചാണ് പ്ലാന്റിലേക്ക് ടാര്‍ കൊണ്ടുവന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.പ്ലാന്റിന്റെ പ്രവര്‍ത്തനം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍ സമരരംഗത്തുള്ളത്.