കോതമംഗലം :- സർക്കാർ സഹായത്തിന് കാത്തുനിന്നില്ല; കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി കുടിയേറ്റ പ്രദേശമായ പന്തപ്രയിലേക്ക് ഉരുളൻ തണ്ണി തോടിനു കുറുകെ ആദിവാസികൾ ചേർന്ന് തൂക്കുപാലം പണിതു. വനാന്തര ഭാഗങ്ങളിലെ ആദിവാസി കുടികളായ വാരിയം മാപ്പിളപ്പാറ മീൻകുളം ഉറിയം പെട്ടി എന്നിവിടങ്ങളിൽ നിന്നുള്ള എൺപതോളം ആദിവാസി കുടുംബങ്ങൾ ഒരുമാസമായി പന്തപ്ര ആദിവാസികുടിയിൽ കുടിയേറിയിരിക്കുകയാണ്. 67 കുടുംബങ്ങൾ ഇവിടെ നേരത്തെ താമസമാക്കിയിരുന്നു.
വന്യമൃഗങ്ങളുടെ ശല്യവും യാത്ര സൗകര്യവും ഇല്ലാത്തതുകൊണ്ടാണ് കാട്ടിനുള്ളിലെ സ്ഥലവും വീടുകളും ഉപേക്ഷിച്ച് ആദിവാസികൾ പന്തപ്രയിൽ കുടിയേറിയിരിക്കുന്നത്. ഉരുളൻതണ്ണി ഷാപ്പും പടിക്ക്എ തിർവശത്തായിട്ടാണ് ആദിവാസികൾ കുടിയേറിയിട്ടുള്ളത്. ഷാപ്പി നോട് ചേർന്ന് ഉരുളൻ തണ്ണി തോട് ഒഴുകുന്നതിനാൽ മഴക്കാലത്ത് അഞ്ചോളം കിലോമീറ്റർ ചുറ്റി വേണം ഇവർക്ക് കുടിയിലെത്താൻ. തൂക്കുപാലം തയ്യാറായതോടെ 200 മീറ്റർ ദൂരം പോലും ഇനി ഇവർക്ക് സഞ്ചരിക്കേണ്ടി വരില്ല. അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ കുടിൽ കെട്ടിയാണ് ഇവർ ഇവിടെ സ്ഥലവും വീടും പ്രതീക്ഷിച്ച് കഴിഞ്ഞു വരുന്നത്.
കാട്ടുമരങ്ങളും വള്ളികളുമാണ് തൂക്കുപാലം നിർമിക്കാൻ ഇവർ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് ഇവർ തൂക്കുപാലത്തിൻ്റെ നിർമാണം പൂർത്തിയാക്കുകയായിരുന്നു. പന്തപ്രക്കാരുടെ യാത്രാ സൗകര്യം ഉറപ്പുവരുത്താൻ എത്രയും വേഗം ഉരുളൻ തണ്ണി തോടിനു കുറുകെ പാലം നിർമിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് അംഗം ജോഷി പൊട്ടക്കലും, പന്തപ്ര ആദിവാസി കോളനിയിലെ ചുങ്കാനും പറഞ്ഞു.