കോതമംഗലം:- കേരളത്തിൻ്റെ അതിജീവനത്തിന് ആദിവാസി സമൂഹത്തിൻ്റെ കൈത്താങ്ങ്. കോതമംഗലം താലൂക്കിൽ കുട്ടമ്പുഴ മേട്നാപ്പാറക്കുടി,എളംബ്ലാശ്ശേരിക്കുടി എന്നിവിടങ്ങളിലാണ് ആദിവാസി സമൂഹത്തിന്റെ മാതൃകാപരമായ പിന്തുണയുണ്ടായത്. ഒരു പക്ഷേ സംസ്ഥാനത്ത് ആദ്യമായിട്ടായിരിക്കും ആദിവാസി സമൂഹത്തിൻ്റെ ഇത്തരത്തിലുള്ള ഇടപെടൽ. തങ്ങളുടെ അധ്വാനത്തിന്റെ ഫലമായ കുട്ട, മുറം,വിവിധ ഇനം കരകൗശല വസ്തുക്കൾ തുടങ്ങിയവയാണ് ഇവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ആദിവാസി ഊരുകളിലെത്തി ആന്റണി ജോൺ എംഎൽഎ വസ്തുക്കൾ ഏറ്റുവാങ്ങി.
മഹാമാരിയെ പ്രതിരോധിക്കുന്നതിന് ആദിവാസി സമൂഹം നൽകിയ കരുതലിന് എംഎൽഎ നന്ദി അറിയിച്ചു. ഇവരുടെ പ്രവർത്തനം നാടിനാകെ മാതൃകയാണെന്നും എംഎൽഎ പറഞ്ഞു. കുട്ടമ്പുഴ പത്താം വാർഡ് മെമ്പർ മാരിയപ്പൻ നെല്ലിപ്പിള്ളയും, ഭാര്യ ലീല മാരിയപ്പനും ചേർന്ന് എംഎൽഎയ്ക്ക് വസ്തുക്കൾ കൈമാറിയാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. എസ് റ്റി പ്രമോട്ടർ അജിത മാരിയപ്പൻ,ആരോമൽ എം എസ്,അശ്വിൻ ബിജു,അപ്പുക്കുട്ടൻ സി, ഹരികൃഷ്ണൻ എം എ എന്നിവർ സന്നിഹിതരായിരുന്നു.