കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തുകളിലെ ട്രൈബൽ കോളനികളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി .മണികണ്ഠൻചാൽ , വെള്ളാരംകുത്ത് , വടക്കേ മണികണ്ഠൻ ചാൽ തുടങ്ങിയ സ്ഥലങ്ങളിലാണ് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്. ഡിസംബറിൽ വേനൽ ആരംഭിക്കുന്നതോടെ ഇവിടുത്തെ ജലക്ഷാമം ആരംഭിക്കുകയായി . തുടർന്ന് അല്പമെങ്കിലും ആശ്വാസം കിട്ടിയിരുന്നത് വാട്ടർ അതോരിറ്റിയുടെ പൈപ്പ് വെള്ളമാണ്. എന്നാൽ ഇപ്പോൾ അതും ശരിയായ വിധം ലഭിക്കുന്നില്ല . വേനൽ കടുക്കുകയും മഴലഭിക്കാതിരിക്കുകയും പൈപ്പിലൂടെ വെള്ളം കിട്ടാതെ വരുകയും ചെയ്തതോടെ ഈ പ്രദേശങ്ങളിലെ ജനങ്ങൾ കുടിവെള്ളം കിട്ടാതെ വലയുകയാണ് . വാർഡ് മെമ്പർ ഉൾപ്പെടെയുള്ളവർ പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും അധികാരികളുടെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടി ഉണ്ടായില്ല.
വെള്ളം മുടങ്ങുന്നെങ്കിലും വെള്ളത്തിൻ്റെ ബില്ല് മുടങ്ങാതെ കിട്ടുന്നുണ്ടെന്ന് നാട്ടുകാർ ആക്ഷേപം ഉന്നയിക്കുന്നു. പെരിയാർ സമീപത്തുകൂടെ ഒഴുകുന്നെങ്കിലും ഉയർന്ന പ്രദേശമായതിനാൽ അതിന്റെ പ്രയോജനം ഇവിടുത്തെ ജനങ്ങൾക്ക് ലഭിക്കുന്നില്ല. കിലോമീറ്ററുകൾ നടന്നാണ് സ്ത്രീകൾ അടുക്കളയിലേക്കും കുളിക്കുന്നതിനും മൃഗസംരക്ഷണത്തിനുമുള്ള വെള്ളം ശേഖരിക്കുന്നത്. ടി പ്രദേശത്തെ നൂറുക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ ഡെയ്സി ജോയി ആവശ്യപ്പെട്ടു.