കോതമംഗലം :വന്യജീവി ഭീഷണിയെ തുടർന്ന് കുട്ടമ്പുഴ പന്തപ്രയിലേക്കെത്തിയ വാരിയം, ഉറിയംപെട്ടി ആദിവാസി കോളനി നിവാസികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് നിർദേശം നൽകി. കോളനിയിൽ നാല് കോളനികളിലായി കുടിൽ കെട്ടി താമസിക്കുന്നവർക്കായി ബയോടോയ് ലെറ്റുകൾ സജ്ജമാക്കും. പകർച്ചവ്യാധി തടയുന്നതിനും കോളനി നിവാസികൾക്ക് വൈദ്യ സഹായമെത്തിക്കാനും മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കാനും തീരുമാനിച്ചു. എലിപ്പനി പ്രതിരോധിക്കുന്നതിന് ഡോക്സി സൈക്ലിൻ ഗുളികകൾ നൽകും.
കാട്ടുപോത്ത് ഉൾപ്പടെയുള്ള വന്യജീവികളുടെ ആക്രമണ ഭീഷണിയെ തുടർന്ന് 87 കുടുംബങ്ങളാണ് കാട്ടിൽ നിന്ന് നാടിനോട് ചേർന്ന പന്തപ്ര കോളനിയിലേക്ക് എത്തിയിട്ടുള്ളത്. നേരത്തെ പന്തപ്ര പുനരധിവാസ പാക്കേജ് പ്രകാരം പുനരധിവസിപ്പിച്ച 67 കുടുംബങ്ങളിൽ ചിലരുടെ സ്ഥലങ്ങളിൽ ഷീറ്റ് കൊണ്ട് മറച്ച താൽക്കാലിക ഷെഡുകളിലാണ് നിലവിൽ ഇവരുടെ താമസം. കോളനിയിലേക്കുള്ള റോഡിന് വനം വകുപ്പിന്റെ എൻ.ഒ.സി ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചർച്ച ചെയ്തു.
വാരിയം, ഉറിയംപെട്ടി ഊരുകളിൽ ബാക്കിയുള്ള മുഴുവൻ കുടുംബങ്ങളെയും പന്തപ്രയിലേക്ക് എത്തിക്കുന്നതിനായി ഊരുകൂട്ടം ഉടൻ ചേരാനും തീരുമാനിച്ചു.
ജില്ലാ വികസന കമ്മീഷണർ എം.എസ്. മാധവിക്കുട്ടി, മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രവികുമാർ മീണ, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ അനിൽ ഭാസ്കർ തുടങ്ങിയവർ പങ്കെടുത്തു.