ഏബിൾ. സി. അലക്സ്
കോതമംഗലം :ശാപ മോക്ഷം കിട്ടാതെ, അവഗണന യുടെ ദുരിതം പേറി തട്ടേക്കാട് – കുട്ടമ്പുഴ റോഡ് പൊട്ടി പൊളിഞ്ഞു ചെളികുളമായി കിടക്കുവാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ദിവസേന നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ പോകുന്ന പ്രധാന റോഡുകൂടിയായിട്ടുപോലും അധികാരികൾ കണ്ട ഭാവം നടിക്കുന്നുമില്ല. ഇരു ചക്ര വാഹനങ്ങളിൽ പകലും, രാത്രി യിലും സഞ്ചരിക്കുന്ന പലരും ഈ മരണ കുഴിയിൽ വീഴുന്നത് നിത്യ സംഭവമാണ്. ഈ കുഴിയിൽ വീഴുന്നത് മൂലം പല വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിക്കുന്നതും, മനുഷ്യരുടെ നടുവിന്റെ “നട്ടും, ബോൾട്ടും”ഇളകുന്നതും എണ്ണയും, കുഴമ്പും ഇട്ട് തിരുമ്മുന്നതുമെല്ലാം നിത്യ സംഭവമായി മാറിയിരിക്കുന്നു.
അധികൃതരുടെ അവഗണയിൽ സഹികെട്ട കുട്ടമ്പുഴ നിവാസികൾ അവസാനം മണ്ണിട്ട് വലിയ വലിയ മരണ കുഴികൾ നികത്തി തുടങ്ങി. കുട്ടമ്പുഴ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിൽ താമസിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ നിജാസ് അമ്പാടത്തിന്റെ നേതൃത്വത്തില്‍, നിജാസും, സുഹൃത്തുക്കളും ചേർന്നാണ് തകർന്ന റോഡിലെ കുഴി മണ്ണിട്ട് സഞ്ചാര യോഗ്യമാക്കുന്നത്. അധികാരികളുടെ അവഗണനയിൽ മനം മടുത്താണ് താനും, സുഹൃത്തുക്കളും ഇതിനു മുന്നിട്ടറങ്ങിയതെന്നു നിജാസ് പറഞ്ഞു.
സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനായ തനിക്ക് ഞായറാഴ്ച മാത്രമേ ഒഴിവ് ലഭിക്കു. ആ ഒഴിവ് ദിവസമാണ് ഇതുപോലെ സാമൂഹിക സേവനത്തിനായി സമയം മാറ്റി വെക്കുന്നത്. ഒരു വലിയ മഴ പെയ്യ്താൽ ഈ കുഴിയിൽഇട്ട മണ്ണ് ഇളകി ചെളികുളമായി മാറുമെന്നും, ആയതിനാൽ എത്രെയും വേഗം കുട്ടമ്പുഴ മുതൽ തട്ടേക്കാട് വരെയുള്ള റോഡ് ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്നും നിജാസ് കൂട്ടിച്ചേർത്തു.