കോതമംഗലം : കനത്ത മഴയെ തുടർന്ന് പൂയംകുട്ടിയിലെ മണികണ്ഠൻചാൽ ചപ്പാത്ത് പാലം മുങ്ങി.ഇതോടെ നിരവധി ആദിവാസി കുടികൾ ഒറ്റപ്പെട്ടു. ഇവിടെയുണ്ടായിരുന്ന വള്ളം കട്ടപ്പുറത്ത് തുടരുന്നു. മഴക്കാലത്ത് സ്ഥിരമായി വെള്ളത്തിനടിയിലാകുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ പാലമാണ് ശക്തമായ മഴയിൽ മുങ്ങിയത് . നാലോളം ആദിവാസി കുടികളിലേക്കും, മലയോര ഗ്രാമമായ മണികണ്ഠൻചാലിലേക്കുമുള്ള ഏക പ്രവേശന മാർഗമാണ് ഈ ചപ്പാത്ത്.
പാലം മുങ്ങിയാൽ അത്യാവശ്യക്കാർക്ക് മറുകരയെത്താൻ പഞ്ചായത്തിൻ്റെ ഒരു വള്ളമുണ്ടായിരുന്നത് അറ്റകുറ്റപ്പണികൾ ചെയ്യാത്തതുകൊണ്ട് ഉപയോഗിക്കാൻ സാധിക്കാത്ത നിലയിലാണ്. ഇരുകരകളിലായി കുടുങ്ങിപ്പോയവർക്ക് ഇനി ലക്ഷ്യസ്ഥാനങ്ങളിൽ എത്തണമെങ്കിൽ ചപ്പാത്തിലെ വെള്ളമിറങ്ങണം.
വെള്ളം ഇറങ്ങാൻ വൈകിയാൽ ഇവിടെ കടത്തുവള്ളത്തിന് സൗകര്യമൊരുക്കുമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.ഇവിടെ പുതിയ പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മല വെള്ള പാച്ചിലിൽ ചപ്പാത്തിൽ വൻ മരങ്ങൾ വന്നടിഞ്ഞു പാലത്തിന് ബലക്ഷയം സംഭവിക്കുന്നുണ്ട്.