കുട്ടമ്പുഴ : പിണവൂർകുടിയിൽ ആദിവാസി യുവാവായ സന്തോഷിനെ കഴിഞ്ഞ ഞായറാഴ്ചയാണ് കാട്ടാന ചവിട്ടി കൊന്നത്. കുളിക്കാനായി തോട്ടിലേക്ക് പോയ സന്തോഷിനെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിൽ ചെളിയില്‍ പൂണ്ടു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണപ്പെട്ട സന്തോഷിന്റെ (45) കുടുബത്തിന് അടിയന്തര ധനസഹായമായി മൂന്നാർ ഫോറെസ്റ്റ് ഡിവിഷൻ അനുവദിച്ച ഒരു ലക്ഷം രൂപ നേര്യമംഗലം റേഞ്ച് ഫോറെസ്റ്റ് ഓഫീസർ സുനിൽ ലാലിന്റെ സാന്നിധ്യത്തിൽ കുട്ടമ്പുഴ പഞ്ചായത്ത് മെമ്പർ ബിനേഷ് നാരായണൻ കൈമാറി. കുടുംബ അംഗങ്ങളുടെ സാന്നിധ്യത്തിൽ സന്തോഷിന്റെ മകൻ സന്ദീപിനാണ് തുക കൈമാറിയത്. കൂടാതെ മരണപ്പെട്ട സന്തോഷിന്റെ മകന് വനം വകുപ്പിൽ വാച്ചർ ആയി താൽക്കാലിക ജോലി നൽകുവാനും തീരുമാനം എടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കുട്ടമ്പുഴ പഞ്ചായത്തിലെ വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ നാല് കിലോമീറ്റർ ദൂരത്തിൽ ഹാങ്ങിങ് സോളാർ ഫെൻസിങ്, 13 കിലോമീറ്റർ ദൂരത്തിൽ ട്രെഞ്ച് നിർമ്മിക്കുവാനുള്ള നടപടികൾ എടുത്തിലുള്ളതാണെന്നും , കൂടാതെ ഈ മേഖലയിലെ ജനങ്ങളെ ഉൾപ്പെടുത്തി കാട്ടാനകളുടെ നീക്കം അറിയുവാനായി ഏർലി വാണിംഗ് സിസ്റ്റം ( വാട്ട്ആപ്പ് ) കൂട്ടായ്മ രൂപീകരിച്ചതായും വനം വകുപ്പ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.