കോതമംഗലം : പിണവൂര്‍കുടി ട്രൈബല്‍ ഹോസ്റ്റല്‍ വികസനവുമായി ബന്ധപ്പെട്ട അനുമതികള്‍ എത്രയും വേഗം ലഭ്യമാക്കാൻ മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയാതായി ജില്ലാ കളക്ടർ ഡോ . രേണു രാജ്.ഹോസ്റ്റലിന്റെ നവീകരണത്തിനായി കിഫ്ബി ധനസഹായമനുവദിച്ച സാഹചര്യത്തിലാണ് വനംവകുപ്പിന്‍റെ ഭാഗത്തു നിന്നുള്ള നടപടികള്‍ വേഗത്തിലാക്കാൻ നിര്‍ദേശം നല്‍കിയത്.
പിണവൂര്‍കുടി, ഇളംപ്ലാശ്ശേരി, പന്തപ്ര എന്നീ സ്ഥലങ്ങളില്‍ വനാവകാശ സമിതികള്‍ക്ക് സാമൂഹികാവകാശം അനുവദിച്ചു നല്‍കാന്‍ മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറെ ചുമതലപ്പെടുത്തി.
ലാൻഡ് ബാങ്ക് പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭൂമിയില്‍ സര്‍വ്വേ നടത്തി പ്ലോട്ടുകളായി തിരിക്കുന്നതിന് താലൂക്ക് തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി.
കുന്നത്തുനാട്, മൂവാറ്റുപുഴ, ആലുവ താലൂക്കുകളിലാണ് ലാൻഡ് ബാങ്ക് പദ്ധതി പ്രകാരം ഭൂമി കണ്ടെത്തിയിട്ടുള്ളത്.
എടക്കാട്ടുവയല്‍, നേര്യമംഗലം പുനരധിവാസ കോളനികളില്‍ ഭൂമി അനുവദിച്ചവരില്‍ ഇതു വരെ ഭൂമി ഏറ്റെടുക്കാത്ത ഗുണഭോക്താക്കള്‍ക്ക് നോട്ടീസ് നല്‍കി പട്ടയം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കും. നേര്യമംഗലം കോളനിയില്‍ വാസയോഗ്യമല്ലാത്ത പ്ലോട്ടുകള്‍ ലഭിച്ചവര്‍ക്ക് പ്ലോട്ടുകള്‍ മാറ്റി നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കും. ജില്ലാ ട്രൈബല്‍ ഓഫീസര്‍ അനില്‍ ഭാസ്കര്‍, മൂവാറ്റുപുഴ ആര്‍.ഡി.ഒ. പി.എം അനി, കോതമംഗലം തഹസില്‍ദാര്‍ ജെസ്സി അഗസ്റ്റിൻ, കുന്നത്തുനാട് തഹസില്‍ദാര്‍ വിനോദ് രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.