കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി കോളനി പുനരധിവാസ നടപടികൾ അവസാനഘട്ടത്തിലാണെന്ന് പട്ടിക ജാതി/വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച ആന്റണി ജോൺ എം എൽ എ യുടെ നിയമസഭാ ചോദ്യത്തിന് മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.പന്തപ്ര ആദിവാസി കോളനിയിലെ പുനരധിവാസ പാക്കേജിന്റെ പുരോഗതിയും,ഓരോ പ്രവർത്തിക്കും അനുവദിച്ചിട്ടുള്ള തുക സംബന്ധിച്ചും,അനുവദിച്ച തുകയിൽ എത്ര തുകയുടെ പദ്ധതികൾ നടപ്പിലാക്കിയെന്നും എം എൽ എ ചോദിച്ചു.ഇനിയും പൂർത്തീകരിക്കാത്ത പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിച്ച് പന്തപ്ര പുനരധിവാസ പാക്കേജ് വേഗത്തിൽ നടപ്പിലാക്കണമെന്നും എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.
പന്തപ്ര പുനരധിവാസ മേഖലയിൽ പുനരധിവസിപ്പിച്ച 67 കുടുംബങ്ങളിൽ 57 പേർക്ക് ആദിവാസി പുനരധിവാസ വികസന മിഷൻ മുഖേനയും 10 പേർക്ക് ലൈഫ് മിഷനിൽ ഉൾപ്പെടുത്തിയും ഭവന നിർമ്മാണ ധനസഹായം അനുവദിച്ചിട്ടുണ്ട്.ഭവന നിർമ്മാണം പൂർത്തിയായി വരുന്നു.ടി മേഖലയിൽ കുടിവെള്ള പദ്ധതി,വൈദ്യുതീകരണം,സോളാർ ഫിൻസിങ്ങ്,റോഡ് എന്നിവ പൂർത്തീകരിച്ചിട്ടുണ്ട്.ഭവന നിർമ്മാണം ഒഴികെയുള്ള പദ്ധതികൾ പൂർത്തീകരിച്ചിട്ടുണ്ട്.ഈ സാമ്പത്തിക വർഷം ഭവന നിർമ്മാണം പൂർത്തിയാക്കാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.പുനരധിവാസ പദ്ധതികൾക്കായി 1,30,23,500/- രൂപ അനുവദിച്ചതിൽ 1,20,14,615/- രൂപ ചെലവഴിച്ചു.
കുടിവെള്ള പദ്ധതിക്ക് 48,00,000/- രൂപ അനുവദിച്ചതിൽ 37,91,115/- രൂപ ചെലവഴിച്ചു.ഇലക്ട്രിക് കണക്ഷൻ പദ്ധതിക്ക് 42,68,500/- രൂപയും,റോഡിനായി 31,50,000/- രൂപയും,സോളാർ ഫെൻസിങ്ങ് പദ്ധതിക്കായി 8,05,000/- രൂപയും ചെലവഴിച്ചു.കുടിവെള്ള പദ്ധതിയുടെ അവശേഷിക്കുന്ന 11 ലക്ഷം രൂപയുടെ പ്രവർത്തിയും ഭവന നിർമ്മാണവും വേഗത്തിൽ പൂർത്തീകരിക്കുമെന്നും മന്ത്രി കെ രാധാകൃഷ്ണൻ ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.