കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ കുട്ടമ്പുഴയിൽ സർക്കാർ കോളേജ് ആരംഭിക്കുന്ന വിഷയം സർക്കാർ പരിശോധിച്ച് വരുന്നതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി Dr.ആർ ബിന്ദു നിയമസഭയിൽ അറിയിച്ചു. ഇത് സംബന്ധിച്ച ആൻ്റണി ജോൺ എംഎൽഎയുടെ നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കുട്ടമ്പുഴയിൽ സർക്കാർ കോളേജ് ആരംഭിക്കുന്നത് സംബന്ധിച്ച് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അനുകൂലമായ റിപ്പോർട്ട് എംഎൽഎ ബഹു മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
കോളേജിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിലെ B3/518/2017 നമ്പർ ഫയലിൽ വേഗത്തിൽ തീരുമാനമെടുക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. 16 ലധികം ആദിവാസി ഊരുകൾ ഉൾക്കൊള്ളുന്നതും കോതമംഗലം മണ്ഡലത്തിലെ പിന്നാക്ക പ്രദേശവും ആയ കുട്ടമ്പുഴയിൽ പ്രദേശത്തിൻ്റെ പ്രത്യേകതകൾ കൂടി ചൂണ്ടിക്കാണിച്ചാണ് കുട്ടമ്പുഴയിൽ സർക്കാർ കോളേജ് വേഗത്തിൽ ആരംഭിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടത്.
കോളേജിനായി ഭൂമി ഏറ്റെടുക്കുന്ന വിഷയത്തിൽ തുടർ നടപടികൾക്കായി ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഫയൽ ജലവിഭവ വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും സ്ഥല ലഭ്യത,സർക്കാരിൻ്റെ സാമ്പത്തിക സ്ഥിതി തുടങ്ങിയ വസ്തുതകൾ കണക്കിലെടുത്ത് ഇക്കാര്യം പരിഗണിക്കുമെന്നും ബഹു മന്ത്രി നിയമസഭയിൽ ആന്റണി ജോൺ എംഎൽഎയെ അറിയിച്ചു.