കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിനായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിൽ നേവിയുടെയും, ഫയർഫോഴ്സ് സ്കൂബ,എൻ ഡി ആർ എഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ ആകെ വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു.അഞ്ചാം ദിവസത്തെ തിരച്ചിൽ ഇന്ന് രാവിലെ 7.30 മുതൽ കുട്ടമ്പുഴ,ആനക്കയം, ബ്ലാവന, മണികണ്ഠൻ ചാൽ ചപ്പാത്ത് ഭാഗങ്ങളിലായി കേരള ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നുണ്ട്. കൂടാതെ വന മേഖലയിൽ കുട്ടമ്പുഴ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം തിരച്ചിലിന് നേതൃത്വം നൽകി. പാണിയേലി പോര് ഭാഗത്ത് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വനമേഖലയിലും, ആലുവ,കൊടുങ്ങല്ലൂർ മേഖലകളിലും ഫയർ ആൻഡ് റെസ്ക്യൂവിന്റെ നേതൃത്വത്തിലും തിരച്ചിൽ നടത്തി. കോസ്റ്റൽ പോലീസ് സ്റ്റേഷൻ പരിധികളിൽ, ബന്ധപ്പെട്ട എസ് എച്ച് ഒ മാരുടെ നേതൃത്വത്തിലും ഇന്ന് ബിജുവിനായി തിരച്ചിൽ നടത്തി . കഴിഞ്ഞ അഞ്ച് ദിവസങ്ങളായി കുട്ടമ്പുഴയിൽ ക്യാമ്പ് ചെയ്ത് ആന്റണി ജോൺ എം എൽ എയും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യനും, കോതമംഗലം തഹസിൽദാർ എം അനിൽകുമാറും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു.



























































