കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ അഞ്ചുകുടി ആദിവാസി കോളനിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. വീടിനു നേരെയും ആക്രമണം. ഇന്ന് പുലർച്ചെയാണ് ആനകൾ വനത്തിലേക്ക് മടങ്ങിയത്. മാമലക്കണ്ടത്തിന് സമീപം അഞ്ചുകുടിയിൽ ഒരാഴ്ചയായി ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. പ്രദേശവാസികളുടെ കൃഷിയിടത്തിലിറങ്ങുന്ന ആനകൾ ഇവരുടെ മുഴുവൻ കാർഷിക വിളകളും തിന്നും ചവിട്ടി മെതിച്ചും നശിപ്പിച്ചാണ് പുലർച്ചെ കാട്ടിനുള്ളിലേക്ക് മടങ്ങുന്നത്. ഇന്നലെ അർദ്ധരാത്രി അഞ്ചുകുടിയിലെ കുമാരൻ മാലിയപ്പൻ്റെ വീടിനോടു ചേർന്നുള്ള തൊഴുത്തും, ശുചി മുറിയും കാട്ടാനക്കൂട്ടം നശിപ്പിച്ചു. ജോസഫ് എബ്രഹാം എന്നയാളുടെ മലയിഞ്ചി, കുരുമുളക്, തുടങ്ങിയവയും നശിപ്പിച്ചിട്ടുണ്ട്. ആനകളെ തുരത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
