കോതമംഗലം: സമരം നടത്തിയ കുടുംബശ്രീ പ്രവർത്തകരുടെ നേരെ വാഹനം ഇടിച്ചു കയറ്റി : രണ്ട് പേർ ആശുപത്രിയിൽ കുട്ടമ്പുഴ പഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസിന്റെ മുറി പഞ്ചായത്ത് പ്രസിഡൻ്റ് അടച്ച് പൂട്ടിയതിൽ പ്രതിഷേധിച്ച് കുടുംബശ്രീ പ്രവർത്തകർ പഞ്ചായത്തിനുമുന്നിൽ നടത്തിവന്ന സമരത്തിനിടയിലേക്കാണ് പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം ഡ്രൈവർ ജോബി പൊട്ടയ്ക്കൽ ഓടിച്ച് കയറ്റിയത്. ആദിവാസി വിഭാഗത്തിൽപ്പെട്ട സി ഡി എസ് മുൻ ചെയർ പേഴ്സൺ ആനന്ദവല്ലി ശ്രീധരൻ, അംഗം ഷൈബി ഐ സക് എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇവരെ കോതമംഗലം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബശ്രീ പ്രവർത്തകരെ അപായപ്പെടുത്താൻ ശ്രമിച്ച ഡ്രൈവറെ അറസ്‌റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ പഞ്ചായത്ത് ഓഫീസ് വളഞ്ഞു. പ്രതിഷേധത്തെ തുടർന്ന് ഡ്രൈവർ ജോബി പൊട്ടക്കലിനെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വാഹനം ഓടിച്ച ഡ്രൈവർ മദ്യപിച്ചിരുന്നതായും അപകടത്തിൽ പരിക്കേറ്റ മുൻ ചെയർ പേഴ്സണെ ആക്ഷേപിച്ചതായും ,സമർക്കാർക്കെതിരെ അസഭ്യം പറഞ്ഞതായും പ്രവർത്തകർ പറഞ്ഞു.
പരിക്കേറ്റ് കോതമംഗലം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ സി പി ഐ എം ഏരിയ കെ എ ജോയി ,കെ കെ ശിവൻ , അഷറഫ് ചക്കര ,റഷീദ സലീം എന്നിവർ സന്ദർശിച്ചു.
സമാധാനപരമായി സമരം നടത്തിയ പ്രവർത്തകരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസ്സെടുക്കണമെന്നും ഡ്രൈവർ തസ്തികയിൽ നിന്ന് ഒഴിവാക്കണമെന്നും ഏരിയ സെക്രട്ടറി കെ എ ജോയി ആവശ്യപ്പെട്ടു.
PHOTO: കോതമംഗലം ഗവ. ആശുപത്രിയിൽ പരിക്കേറ്റ കുടുംബശ്രീ പ്രവർത്തകരെ സി പി എ എം ഏരിയ സെക്രട്ടറി കെ എ ജോയി സന്ദർശിക്കുന്നു.