കുട്ടമ്പുഴ : കലാകാരന്മാരും കലയെ ഇഷ്ടപ്പെടുന്നവരും ആവോളമുള്ള കോതമംഗലത്ത്, അധികമാരും കൈവക്കാത്ത ഒരു കലാമേഖലയിൽ കഴിവ് തെളിയിച്ചിരിക്കുകയാണ് കുട്ടമ്പുഴ സ്വദേശിയായ തൈത്തറ വീട്ടിൽ ജോയ്. ഇന്റീരിയൽ ടെസ്റ്ററിങ് ആർട്ടിലാണ് ജോയ് കുട്ടമ്പുഴ തന്റെ കഴിവ് തെളിയിച്ചു വ്യത്യസ്തനായി മാറിയിരിക്കുന്നത്. നിറങ്ങളുടെയും, രൂപങ്ങളുടെയും രീതികൾക്കനുസരിച്ചു ചിത്ര ശിൽപ്പ കലകൾ കൂടി സംയോജിപ്പിച്ചു കൊണ്ട് വസ്തുക്കളെ രൂപപ്പെടുത്തിയെടുക്കുന്ന രീതിയാണ് ഇന്റീരിയൽ ടെസ്റ്ററിങ് ആർട്ട്. ജീവൻ തുടിക്കുന്ന പക്ഷി മൃഗാതികളേയും, വിടരാൻ വെമ്പുന്ന പുഷ്‌പങ്ങളെയും, ഓമനത്തം തോന്നുന്ന അരുമകളെയും, ഇപ്പോൾ വിളവെടുത്തതെന്ന് തോന്നിപ്പിക്കുന്ന ഫലങ്ങളൊക്കെ ജോയ് കുട്ടമ്പുഴയുടെ കരവിരുത്തിലും ഭാവനയിലും സൃഷ്ടിക്കപ്പെടുന്നത് അവിസ്മരണീയമായ ഒരു കാഴ്ച്ചാനുഭവമാണ് സൃഷ്ടിക്കുന്നത്.
വീടുകളുടെ അകത്തളങ്ങളിൽ ഇന്റീരിയൽ ടസ്റ്ററിങ് ആർട്ടിൽ തീർത്ത കലാവിരുതുകൾ ഇടംപിടിക്കുമ്പോൾ പുതിയ ഒരു മായിക ലോകത്തേക്കാണ് നമ്മെ കൂട്ടികൊണ്ടുപോകുന്നത്. ആ കലാവിരുതിനും, കലകളുടെ സംഗമത്തിലും കഴിവ് തെളിയിച്ച ഒരു വേറിട്ട കലാകാരൻ കൂടിയാണെന്നുള്ളതാണ് ജോയ് കുട്ടമ്പുഴയുടെ പ്രാധാന്യവും സവിശേഷതയും, കൂടാതെ മറ്റ് കലാകാരന്മാരിൽ നിന്നും വ്യത്യസ്‍തനാക്കുന്നതും.
1988 യിൽ മുവാറ്റുപുഴ ഗീതാഞ്ജലി തീയേറ്ററിലൂടെ നാടക രംഗത്തേക്ക് കടന്നുവരികയും, പിന്നീട് അനുകരണ കലയിലേക്ക് ചേക്കേറുകയും ചെയ്യുകയായിരുന്നു ജോയ് കുട്ടമ്പുഴ. പിന്നീട് നീണ്ട പതിനേഴ് വർഷക്കാലം കൊച്ചിൻ കലാഭവൻ, ഹരിശ്രീ, രസിക, സെഞ്ച്വറി, കോറസ് , മിമിക്‌സ്, സെവെൻ ആർട്സ് , മുവാറ്റുപുഴ ഏഞ്ചൽ വോയിസ് തുടങ്ങിയ ഗാനമേള -മിമിക്രി സംഘങ്ങളുടെ ഭാഗമായി മാറുകയായിരുന്നു. തുടർന്ന് ജോയ് പഠിച്ച ചിത്ര കലയുമായി പ്രവാസിയായി മാറുകയും , സൗദി അറേബ്യയിൽ ഇന്റീരിയൽ ടെസ്റ്ററിങ് ആർട്ടിൽ നാല് വർഷക്കാലം ജോലി ചെയ്‌തശേഷം ജന്മനാട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു ഈ കുട്ടമ്പുഴയുടെ കലാകാരൻ. നല്ലൊരു ഗായകനും, ഗാന രചയിതാവുകൂടിയ ജോയ് മലയാളത്തിലാദ്യമായി യൂദാസിനെ കുറിച്ചുള്ള ഗാനം രചിച്ചും ശ്രദ്ധ നേടി.
നാട്ടിൽ തിരിച്ചെത്തിയശേഷവും “ഡെക്കൊരാ ദി ആർട്ട് പെയിന്റിംഗ് “എന്നപേരിൽ മണ്ണിന്റെ മണവും പ്രകൃതിയുടെ തുടിപ്പുമുള്ള കലാരൂങ്ങൾ അണിയിച്ചൊരുക്കുന്ന തിരക്കിലാണ് ജോയ് കുട്ടമ്പുഴ എന്ന അതുല്യ കലാകാരൻ. സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ സ്മിതയാണ് ഭാര്യ. വിദ്യാർത്ഥികളായ അലീന,ആൽവാന, അഗ്നീവ് എന്നിവർ മക്കളാണ്.