കോതമംഗലം:- കുട്ടമ്പുഴയിൽ സർക്കാർ കോളേജ് ആരംഭിക്കുന്ന വിഷയം സർക്കാർ പരിശോധിച്ചു വരുന്നതായി മന്ത്രി ആർ. ബിന്ദു നിയമസഭയിൽ രേഖാമൂലം അറിയിച്ചു.ആൻ്റണി ജോൺ എംഎൽഎ യുടെ നിയമസഭാ ചോദ്യത്തിന് മറുപടി ആയിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിരവധി ആദിവാസി കോളനികൾ ഉൾപ്പെടുന്നതും , ജില്ലയിലെ 98% ആദിവാസി സൂഹം അധിവസിക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിൽ സർക്കാർ കോളേജ് ആരംഭിക്കണമെന്നുള്ളത് ഏറെക്കാലമായുള്ള ആവശ്യമാണെന്ന് MLA സഭയുട ശ്രദ്ധയിൽ പെടുത്തി. കുട്ടമ്പുഴയിൽ സർക്കാർ കോളേജ് ആരംഭിക്കുന്നത് സംബന്ധിച്ച് കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നും അനുകൂല റിപ്പോർട്ട് സർക്കാരിൽ സമർപ്പിച്ചിട്ടുണ്ടെന്നും MLA പറഞ്ഞു. പ്രദേശത്തിന്റെ പ്രത്യേകത കൂടി കണക്കിലെടുത്ത് കുട്ടമ്പുഴയിൽ സർക്കാർ കോളേജ് ആരംഭിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന് MLA നിയമസഭയിൽ ആവശ്യപ്പെട്ടു.
കുട്ടമ്പുഴ പഞ്ചായത്തിൽ ഒരു സർക്കാർ കോളേജ് ആരംഭിക്കുന്ന കാര്യം സർക്കാർ പരിശോധിച്ച് വരുന്നു. കോളജിനായി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച തുടർ നടപടികൾക്കായി ജലവിഭവ വകുപ്പിന് കൈമാറി നൽകിയ ബി3/518/2017ഉ.വി.വ നമ്പർ ഫയൽ നിലവിൽ പ്രസ്തുത വകുപ്പിൽ പരിശോധിച്ചു വരികയാണ്. ഇതിനായി കുട്ടമ്പുഴ വാർഡ് നമ്പർ 16-ൽ 5 ഏക്കർ സ്ഥലം കൈമാറുവാൻ സാധിക്കുമോ എന്നത് സംബന്ധിച്ച റിപ്പോർട്ട് ജലസേജന വകുപ്പ് ചീഫ് എൻജിനീയർ (പദ്ധതി വിഭാഗം -2) ലഭ്യമാക്കിയിട്ടുണ്ട് എന്നും, പ്രസ്തുത സ്ഥലം റിസർവോയർ ഏരിയ ആണെന്നും, ടി സ്ഥലം കെ.എസ്. ഇ. ബി ലിമിറ്റഡ് സോളാർ പാനൽ സ്ഥാപിക്കുന്നതിന് പരിശോധന നടത്തി പോയിട്ടുള്ളതാണെന്നും ചീഫ് എൻജിനീയർ റിപ്പോർട്ട് ചെയ്തതിനെ അടിസ്ഥാനത്തിൽ ഈ വിഷയത്തിലെ തൽസ്ഥിതി അറിയുവാൻ കെ.എസ്. ഇ. ബി ലിമിറ്റഡ്ന് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും ജലവിഭവ വകുപ്പ് അറിയിച്ചിട്ടുണ്ട്. സ്ഥല ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ആർ. ബിന്ദു ആന്റണി ജോൺ MLA യെ നിയമസഭയിൽ അറിയിച്ചു.