കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ ബ്ലാവനയിൽ പുതിയ റേഷൻ കട ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിയമസഭയിൽ വ്യക്തമാക്കി.ഇതു സംബന്ധിച്ച ആന്റണി ജോൺ എംഎൽഎയുടെ നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഏകദേശം 3000 ത്തോളം ആളുകൾ അധിവസിക്കുന്ന പൂയംകുട്ടി,മണികണ്ടംചാൽ മേഖലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ആവശ്യത്തിന് റേഷൻ കടകൾ ഇല്ലാത്തതിനാൽ പ്രദേശവാസികൾക്ക് റേഷൻ സാധനങ്ങൾ വാങ്ങുവാൻ ദീർഘ ദൂരം സഞ്ചരിക്കേണ്ടി വരുന്ന ബുദ്ധിമുട്ട് എംഎൽഎ സഭയുടെ ശ്രദ്ധയിൽപെടുത്തി.ആദിവാസി കോളനികൾ ഉൾപ്പെടുന്ന പ്രദേശങ്ങളായ പൂയംകുട്ടി മണികണ്ടംചാൽ പ്രദേശങ്ങൾക്ക് പുറമേ കല്ലേലിമേട് ആദിവാസി കോളനിയിലേക്കും ബ്ലാവനയിൽ നിന്നാണ് ആളുകൾ യാത്ര ആരംഭിക്കുന്നത് എന്നതിനാൽ ഇക്കാര്യം കൂടി പരിഗണിച്ച് കൊണ്ട് പ്രദേശവാസികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ബ്ലാവനയിൽ പുതുതായി ഒരു റേഷൻ കട ആരംഭിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് എംഎൽഎ ചോദ്യമുന്നയിച്ചത്.
കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ ബ്ലാവനയിൽ പുതിയ റേഷൻ കട അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളായ 246 പേർ ഒപ്പിട്ട കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ 05-02-2021 ൽ നടന്ന അടിയന്തിര യോഗത്തിലെ നാലാം നമ്പർ തീരുമാനം സഹിതം എറണാകുളം ജില്ല സപ്ലൈ ആഫീസറുടെ കാര്യാലയത്തിൽ ലഭിച്ച നിവേദനത്തിൻമേൽ തുടർ നടപടികൾ സ്വീകരിച്ച് വരുന്നതായും,ശുപാർശ ലഭിക്കുന്ന മുറയ്ക്ക് പരിശോധിച്ച് ആവശ്യമായ തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി ജി ആർ അനിൽ ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.