കോതമംഗലം : ബ്ലാവന,മണികണ്ഠൻചാൽ,ബംഗ്ലാ കടവ് പാലങ്ങൾ : കേന്ദ്ര വന സംരക്ഷണ നിയമം 1980 ആക്ടിലെ വ്യവസ്ഥകൾക്ക് വിധേയമായും സമയബന്ധിതമായും നടപടികൾ സ്വീകരിക്കും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു.ഇത് സംബന്ധിച്ച് ആന്റണി ജോൺ എം എൽ എ യുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.കോതമംഗലം മണ്ഡലത്തിലെ പഞ്ചായത്തിലുള്ള ബ്ലാവന,മണികണ്ഠൻചാൽ,ബംഗ്ലാ കടവ് തുടങ്ങിയ പാലങ്ങളുടെ നിർമ്മാണം കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാകാത്തത് മൂലം നീണ്ടു പോകുന്നത് എം എൽ എ സഭയുടെ ശ്രദ്ധയിൽ പെടുത്തി.
മണ്ഡലത്തിലെ വളരെയധികം പ്രാധാന്യമുള്ള പ്രസ്തുത പാലങ്ങൾ കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കി വേഗത്തിൽ നിർമ്മാണം ആരംഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.ബ്ലാവന,മണികണ്ഠൻ ചാൽ പാലങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് കേന്ദ്രസർക്കാരിന്റെ ഓൺലൈൻ പോർട്ടലായ പരിവേഷിൽ അപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും ചില ന്യൂനതകൾ കണ്ടെത്തിയതിനെ തുടർന്ന് ആയത് പരിഹരിച്ച് സമർപ്പിക്കുവാൻ യൂസർ ഏജൻസി (പൊതുമരാമത്ത് ) ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ബ്ലാവന,മണികണ്ഠൻ ചാൽ പാലങ്ങളുടെ നിർമ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് പരിവേഷ് പോർട്ടലിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷകളിലെ ന്യൂനതകൾ പരിഹരിച്ച് സമർപ്പിക്കുന്ന മുറയ്ക്ക് കേന്ദ്ര വന സംരക്ഷണ നിയമം 1980 ലെ ആക്ടിലെ വ്യവസ്ഥകൾക്ക് വിധേയമായും,സമയബന്ധിതമായും തുടർ നടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.