കുട്ടമ്പുഴ : ബ്ലാവന പാലം പ്രശ്‌നത്തിൽ ഒരുമാസത്തിനകം സർവ്വേ നടപടികൾക്കായുള്ള തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി. ഏറെക്കാലമായി ഹൈക്കോടതി പരിഗണിച്ചുവരുന്ന ബ്ലാവന പാലം നിർമ്മാണത്തിൻറ്റെ പ്രാരംഭ നടപടികൾക്കായി 8,93,000/- (എട്ട് ലക്ഷത്തി തോന്നുന്നുറ്റി മൂവായിരം) രൂപ പൊതുമരാമത്ത് വകുപ്പിന് അനുവദിക്കുന്ന കാര്യത്തിൽ ഒരുമാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ. ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ച ഹൈ കോടതി, വിഷയത്തിൻറ്റെ പ്രാധാന്യം കണക്കിലെടുത്ത് തുടർ നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസ്. സി എസ് ഡയസിൻറ്റെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. കുട്ടമ്പുഴ പഞ്ചായത്തിലെ, ബ്ലാവന കടവിൽ പാലം നിർമ്മിക്കണമെന്ന 2020 ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഹർജിക്കാർ 2024 ൽ കൊടുത്ത ഹർജിയിലാണ് പുതിയ ഉത്തരവ്.
കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസിമേഖലയിലേക്കുള്ള ഏക കടത്തുകടവായ ബ്ലാവനയിൽ അടിയന്തിരമായി പാലംനിർമ്മിക്കണമെന്ന ആവശ്യവുമായി തേര ആദിവാസിക്കുടി കാണിക്കാരൻ ചുങ്കാൻ തായപ്പൻ, കുഞ്ചിപ്പാറ കാണിക്കാരൻ അല്ലി കൊച്ചലങ്കാരൻ, വാരിയം കാണിക്കാരൻ ചിന്നയ്യൻ അലങ്കാരൻ, തലവച്ചുപറ കാണിക്കാരൻ പൊന്നുസ്വാമി വലിയഅലങ്കാരൻ, പ്രദേശവാസിയായ ജോർജുകുട്ടി കൂനത്താൻ, ഫാം ജന. സെക്രട്ടറി സിജുമോൻ ഫ്രാൻസിസ്, എന്നിവർ ഹൈക്കോടതിയെ സമീപിക്കുകയും, 2020 ൽ കോടതി മുവാറ്റുപുഴ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറോട് ഒരുമാസത്തിനകം കേന്ദ്ര – വനം പരിസ്ഥിതി മന്ത്രാലയത്തിൽ അനുമതിക്കായുള്ള അപേക്ഷ സമർപ്പിക്കണമെന്നും, കേന്ദ്ര മന്ത്രാലയം കാലതാമസം കൂടാതെതന്നെ അനുമതി കൊടുക്കണമെന്നും, അടിയന്തിരമായി പാലം പണി ആരംഭിക്കണമെന്നും വിധിച്ചിരുന്നു.
തുടർന്ന് പൊതുമരാമത്ത് വകുപ്പ് സമയബന്ധിതമായി അപേക്ഷ അപ്‌ലോഡ് ചെയ്‌തെങ്കിലും പാലത്തിൻറ്റെ ഇരു കരകളിലും പുഴയിലുമായി പത്ത് സെൻറ്റി മീറ്റർ വ്യാസത്തിൽ എട്ട് ബോർ ഹോളുകൾ അടിക്കാൻ നാലുവർഷങ്ങൾ ആയിട്ടും വനം വകുപ്പിൻറ്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് പാലം പണി അനിശ്ചിതത്വത്തിൽ ആയി. ഭൂരിഭാഗം ഗുണഭോക്താക്കളും ആദിവാസികൾ ആയതിനാൽ 2006 ലെ വനാവകാശ നിയമപ്രകാരം വനംവകുപ്പിന് അനുമതി നൽകാമെന്നിരിക്കെ, ഒരുമാസത്തിനകം പാലം നിർമ്മാണത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകികൊണ്ട് 2020 ൽ തന്നെ വിധി പറയുകയും ചെയ്തിരുന്നു. പക്ഷെ ആ വിധി നടപ്പാക്കിയെടുക്കാൻ ആദിവാസി മൂപ്പന്മാർ അടക്കമുള്ള ഹർജിക്കാർ 2024 ൽ വീണ്ടും കോടതിയെ സമീപിക്കേണ്ടിവന്നു ഹർജിക്കാർക്ക് വേണ്ടി അഡ്വ. മാത്യു ദേവസ്യ അയ്മനത്തിൽ ഹാജരായി.