കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ കട്ടിൽ വിതരണത്തിൽ അപാകതകളെന്ന് ആരോപണം. ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ളവരെ വിളിച്ചു വരുത്തി കട്ടിൽ നൽകാതെ കളിയാക്കി വിട്ടെന്നും ആക്ഷേപം. അഴിമതി തുടർക്കഥയായതോടെ യു .ഡി.എഫ് പ്രധിഷേധവുമായി രംഗത്തെത്തി. ആദിവാസി പിന്നോക്ക മേഖലയായ കുട്ടമ്പുഴ പഞ്ചായത്തിലെ കട്ടിൽ വിതരണവുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. അഴിമതിയാരോപണം ഉന്നയിച്ചതോടെയാണ് സംഭവം വിവാദമായത്. ഗുണഫോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട വരെ ശനിയാഴ്ച വിളിച്ചു വരുത്തിയെങ്കിലും സംഭവം വിവാദമായതോടെ കട്ടിൽ വിതരണം തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.ഇത് പ്രകാരം ഇളംബ്ലാശ്ശേരി, മാമലക്കണ്ടം, തല വെച്ച പാറ തുടങ്ങി വിദൂര മേഖലകളിൽ നിന്നു വരെ ആളുകളെത്തിയിട്ടും കട്ടിൽ നല്കാതെ കളിയാക്കി വിട്ടെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം.
അടിയന്തര പഞ്ചായത്ത് കമ്മിറ്റി നടക്കുമ്പോഴും നിർവഹണ ഉദ്യോഗസ്ഥനില്ലെന്ന കാരണം പറഞ്ഞ് കട്ടിൽ വാങ്ങാനെത്തിയവരെ മടക്കി അയച്ചതോടെ യു.ഡി.എഫ് മെമ്പർമാരടക്കം പ്രധിഷേധവുമായി രംഗത്ത് വരുകയായിരുന്നു.മുൻകൂട്ടി തയ്യാറാക്കിയ ഗുണഭോക്തൃ ലിസ്റ്റിൽ തന്നിഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള കുൽസിത ശ്രമമാണ് ഇതിനു പിന്നിലെന്നും പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു.ഈ ലോക് ഡൗൺ കാലത്തും സൗജന്യമായി ലഭിക്കുന്ന കട്ടിൽ വാങ്ങാനായി രണ്ടായിരം രൂപ വരെ വണ്ടി വാടക നല്കി പാവങ്ങളെ പലകുറി നടത്തിച്ച പഞ്ചായത്തിൻ്റെ നടപടിക്കെതിരെ വ്യാപക പ്രധിഷേധമാണ് ഉയരുന്നത്.
കട്ടിൽ വിതരണത്തിനിടെ പഞ്ചായത്തുദ്യോഗസ്ഥരെ മർദ്ധിച്ചെന്ന പേരിൽ കഴിഞ്ഞ ദിവസം രണ്ട് പ്രതിപക്ഷ മെമ്പർ മാരെ പ്രതിചേർത്ത് പഞ്ചായത്ത് പരാതി നല്കിയിരുന്നു.
ഇതിനിടെ പ്രധിഷേധം കനത്തതോടെ കട്ടിൽ വീട്ടിലെത്തിച്ച് നല്കാമെന്ന് രേഖാമൂലം ഉറപ്പ് നല്കി പഞ്ചായത്തധികൃതർ സംഭവത്തിൽ നിന്നും തലയൂരി.യു.ഡി.എഫ്.മെമ്പർമാരായ അരുൺ ചന്ദ്രൻ, പി.കെ.തങ്കമ്മ, കാന്തി വെള്ളക്കയ്യൻ, പി.പി.ജബ്ബാർ, ബിൻസി മോഹനൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സിബി കെ.എ,ബേസിൽ ജോയി, ബേബി പോൾ, ആഷ്ബിൻ ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രധിഷേധം.