കോതമംഗലം : കുട്ടമ്പുഴ റേഞ്ചിൻ്റെ വിവിധ കേന്ദ്രങ്ങളിൽ എക്സൈസ് നടത്തിയ റെയ്ഡിൽ ചാരായവും വാഷും പിടിച്ചെടുത്തു;രണ്ട് പേർക്കെതിരെ കേസെടുത്തു. കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി രമേശിന്റെ നേതൃത്വത്തിലുള്ള സംഘവും, എറണാകുളം എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി കുട്ടമ്പുഴ റേഞ്ചിന്റെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ നാടുകാണി ഭാഗത്ത് നിന്നും 3 ലിറ്റർ ചാരായവും, വാറ്റുപകരണങ്ങളും കണ്ടെടുത്തു. നാടുകാണി സ്വദേശികളായ ബിനോയി(40) ഷിബു (49) എന്നിവരുടെ പേരിൽ കേസെടുത്തു.
പാലമറ്റം ചീക്കോട് നടത്തിയ പരിശോധനയിൽ വനത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന വാറ്റ് കേന്ദ്രം കണ്ടെത്തി. 390 ലിറ്റർ വാഷ് പിടിച്ചെടുത്തു നശിപ്പിച്ചു. ലോക്ക് ഡൗണിന്റെ മറവിൽ വ്യാജചാരായ നിർമ്മാണം ഗ്രാമാന്തരങ്ങളിലും വനപ്രദേശങ്ങളിലും വ്യാപകമായിട്ടുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരും. എക്സൈസ് ഇൻസ്പെക്ടർ പി രമേശ് പ്രിവന്റീവ് ഓഫീസർമാരായ സാജൻ പോൾ, എൻ എ മനോജ് ( ഇൻറലിജൻസ് ബ്യൂറോ എറണാകുളം) സിവിൽ എക്സൈസ് ഓഫീസർ ജിജി N ജോസഫ്, ജെറിൻ പി ജോർജ്ജ്, ശാലു T A എന്നിവരും ഉണ്ടായിരുന്നു.