കോതമംഗലം: യു കെയിലെ ഹിപ്-ഹോപ്പ് നൃത്തരംഗത്ത് നിറ സാന്നിധ്യമായി മലയാളി വിദ്യാർഥി. നർത്തകനും കൊറിയോഗ്രാഫറും ക്രിയേറ്റീവ് ഡയറക്ടറുമായ
കോതമംഗലം ഇരുമലപ്പടി കൊച്ചുവീട്ടിൽ അജിത്ത് ഷാജി (27) 2023-ലാണ് വിദ്യാർഥിയായി യുണൈറ്റഡ് കിംഗ്ഡത്തിൽ എത്തിയത്. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ തന്റെ കഠിനാധ്വാനത്തിലൂടെയും നൃത്തപരിശീലനത്തിലൂടെയും യുകെയിലെ ഹിപ്-ഹോപ്പ് നൃത്തരംഗത്ത് ശ്രദ്ധേയമായ സ്ഥാനം നേടിയെടുത്തു.
യു കെയിൽ എത്തിയ അജിത്ത് ‘ദി ഫ്ലോ ഫാക്ടറി’ എന്ന പേരിൽ ഹിപ്-ഹോപ്പ് നൃത്ത സംഘം രൂപീകരിച്ചു. കഴിവുള്ള നർത്തകരെ ഒന്നിപ്പിക്കുകയും അവരെ മത്സരങ്ങൾക്കും പ്രകടനങ്ങൾക്കുമായി സജ്ജമാക്കുകയുമായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ചുരുങ്ങിയ കാലം കൊണ്ട് അജിത്ത് ഹിപ്-ഹോപ്പിന്റെ അടിസ്ഥാന പാഠങ്ങൾ, ചലനങ്ങളിലെ കൃത്യത, വേദിയിലെ പ്രകടനം എന്നിവയിൽ തന്റെ ടീമിന് മികച്ച പരിശീലനം നൽകി.നിലവിൽ അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങൾക്കായി ടീമിനെ സജ്ജമാക്കുന്നതും നൃത്തങ്ങൾ ചിട്ടപ്പെടുത്തുന്നതും അജിത്ത് നേരിട്ടാണ്.
അജിത്തിന്റെ നേതൃത്വത്തിൽ ‘ദി ഫ്ലോ ഫാക്ടറി’ ചുരുങ്ങിയ കാലം കൊണ്ട് വലിയ വിജയങ്ങൾ കൈവരിച്ചു:
യുകെയിലെ ഷോഡൗൺ എന്ന പ്രശസ്തമാ നൃത്ത മത്സരത്തിൽ ടീം രണ്ടാം സ്ഥാനവും
2024 ൽ ലണ്ടനിൽ നടന്ന വേൾഡ് ഓഫ് ഡാൻസ് വേൾഡ് വൈഡ് ചാമ്പ്യൻഷിപ്പിലേക്ക് യുകെയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാല് ടീമുകളിൽ ഒന്നായി ഇവർ മാറി.
ന്യൂകാസിലിൽ നടന്ന ബ്രിട്ടീഷ് ഡാൻസ് ഓർഗനൈസേഷൻ ചാമ്പ്യൻഷിപ്പിൽ ടീം വിജയികളാകാനും, 2025 കെന്റിൽ നടന്ന ഗ്ലോബൽ ഡാൻസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി.2025 ൽ യു കെ യിൽ നടന്ന ഷോ ഡൗൺ എന്ന പ്രശസ്ത മത്സരത്തിൽ ഫൈനലിലെത്തിയ ആദ്യ പ്രധാന ടീമുകളിൽ ഒന്നായി ഇടംപിടിച്ചതും
അജിത്ത് എന്ന കലാ പ്രതിഭയുടെ കഴിവാണ് കലാജീവിതവും പരിശീലനവും
മത്സരങ്ങൾക്ക് പുറമെ, പ്രൊഫഷണൽ നൃത്തരംഗത്തും അജിത്ത് സജീവമാണ്.
നിരവധി ബോളിവുഡ് ചിത്രങ്ങളിൽ ബാക്ക്ഗ്രൗണ്ട് ഡാൻസറായി പ്രവർത്തിച്ചിട്ടുണ്ട്. 2030-ലെ കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് 2025-ൽ ഗ്ലാസ്ഗോയിൽ നടന്ന സാംസ്കാരിക പരിപാടിയിൽ അജിത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. നിലവിൽ ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അജിത്ത്, വളർന്നുവരുന്ന നർത്തകർക്കായി ഹിപ്-ഹോപ്പ്, ലൈറ്റ്ഫീറ്റ് തുടങ്ങിയ ശൈലികളിൽ പരിശീലനം നൽകി വരുന്നു. നർത്തകരുടെ സാങ്കേതിക മികവും സ്വന്തമായ ശൈലിയും വികസിപ്പിച്ചെടുക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രണ്ട് വർഷം കൊണ്ട് തന്റെ കഠിനാധ്വാനത്തിലൂടെയും സർഗ്ഗാത്മകതയിലൂടെയും യുകെയിലെ ഹിപ്-ഹോപ്പ് നൃത്തരംഗത്തിന്റെ വളർച്ചയ്ക്ക് അജിത്തിന്റെ സംഭാവനകൾ വലുതാണന്ന് ഈ മേഖലയിലെ പ്രമുഖർ വിലയിരുത്തുന്നു






















































