കോതമംഗലം : കോഴിപ്പിള്ളി- മലയിൻകീഴ് ബൈപാസ് ആധുനീക നിലവാരത്തിൽ നവീകരിക്കുന്നു.കൊച്ചി – ധനുഷ്കോടി ദേശീയ പാതയും, കോതമംഗലം- പെരുമ്പൻകുത്തുമായി ബന്ധിപ്പിക്കുന്നതാണ് പ്രസ്തുത റോഡ്.1.25 കിലോമീറ്റർ ദൂരം വരുന്ന റോഡ് 9.5 മീറ്റർ വീതിയിൽ ആധുനീക നിലവാരത്തിൽ ടാർ ചെയ്ത് നവീകരിക്കുന്നത്. 9.5 മീറ്റർ കഴിഞ്ഞുള്ള റോഡിന് ഇരു വശവും വരുന്ന മുഴുവൻ ഭാഗവും കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തി കൂടിയും ഈ വർക്കിൽ ഉൾപെടുത്തിയിട്ടുണ്ട്. കൂടാതെ മലയിൻകീഴ് ഭാഗത്ത് 150 മീറ്ററോളം ദൂരത്തിൽ ഡ്രൈനേജ് വർക്കും,അതോടൊപ്പം തന്നെ
റോഡ് സേഫ്റ്റിയുടെ ഭാഗമായി റിഫ്ലക്ടർ,സ്റ്റഡ്,സൈൻ ബോർഡുകൾ,സീബ്രാ ലൈൻ,റോഡ് മാർക്കിങ്ങ് അടക്കമുള്ള പ്രവർത്തികളും ഉൾക്കൊള്ളിച്ചാണ് ആധുനീക നിലവാരത്തിൽ റോഡ് നിർമ്മിക്കുന്നത്.
നവീകരണ പ്രവർത്തനങ്ങൾക്കായി 2 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. വാഹന ഗതാഗതത്തിന് എന്ന പോലെ കോതമംഗലം നിവാസികൾ പ്രഭാത- സായാഹ്ന നടത്തത്തിനായി ഏറെ ആശ്രയിക്കുന്ന ഒരു റോഡുകൂടിയാണ്. നിലവിലെ റോഡിന്റെ സാഹചര്യത്തിൽ പല തരത്തിലുള്ള കയ്യേറ്റം മൂലവും,കാട് കയറിയും ജനങ്ങൾക്ക് സൗകര്യ പ്രദമായി നടക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ പലപ്പോഴും റോഡിലേക്ക് കയറി കാൽ നടയാത്രക്കാർ നടക്കുന്നത് മൂലം വലിയ അപകട സാധ്യതയുമുണ്ട് .
ഇതിനുകൂടി പരിഹാരമായിട്ടാണ് 9.5 മീറ്റർ ടാറിങ് കഴിഞ്ഞുള്ള റോഡിന്റെ ഇരു വശവും പൂർണ്ണമായും കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തി കൂടിയും വർക്കിന്റെ ഭാഗമായി ഉൾപെടുത്തിയിട്ടുള്ളതെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു.നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി എം എൽ എ യുടെ നേതൃത്വത്തിൽ ജന പ്രതിനിധികളും ഉദ്യോഗസ്ഥരും റോഡ് സന്ദർശിച്ചു. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി, കൗൺസിലമാരായ കെ വി തോമസ്, കെ എ നൗഷാദ്, അഡ്വ.ജോസ് വർഗീസ്, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി പി സിന്റോ, ഓവർസീയർ ഗീതു കൃഷ്ണൻ എന്നിവരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു. നവീകരണ പ്രവർത്തനങ്ങൾ നല്ല നിലയിൽ പൂർത്തീകരിക്കുവാൻ ജനങ്ങളുടെ പൂർണ്ണ സഹകരണം ഉണ്ടാകണമെന്ന് എം എൽ എ അഭ്യർത്ഥിച്ചു
