കോതമംഗലം : വന്യ മൃഗ ശല്യം കൊണ്ടു പൊറുതി മുട്ടി കർഷകർ കൃഷി ഉപേക്ഷിക്കുമ്പോൾ, അവയോട് പടവെട്ടി കൃഷിയിൽ നൂറുമേനി വിളയിക്കുകയാണ് കോട്ടപ്പടിയിലെ മോളി എന്ന കർഷക. കാട്ടാനകളും കാട്ടുപന്നിയും ഉൾപ്പെടെ വിഹരിക്കുന്ന വനാതിർത്തിയിലെ പ്ലാമൂടി കുറുവാന പാറയിൽ ഒരു ഏക്കറിലാണ് കോട്ടപ്പടി പൈനേടുത്ത് വീട്ടിൽ മോളി തെങ്ങും, കപ്പയും, വാഴയും പച്ചക്കറിയും ഒക്കെയായി നൂറുമേനി വിളയിക്കുന്നത്. വന്യമൃഗ ശല്യം കാരണം കർഷകർ കൃഷി ഉപേക്ഷിക്കുമ്പോൾ മോളി എന്ന കർഷകയുടെ ഈ ഒറ്റയാൾ പോരാട്ടം വേറിട്ടതാകുകയാണ്. സന്ധ്യമയങ്ങിയാൽ വന്യമൃഗങ്ങളുടെ ശല്യമാണ്. എന്നാൽ ഇതൊന്നും മോളി എന്ന കർഷകയെ അലട്ടിയില്ല. ഇഞ്ചി, മഞ്ഞൾ, കപ്പ,വാഴ, ചേമ്പ് തുടങ്ങി വിവിധ പച്ചക്കറി വിളകൾ ആണ് കൃഷി ചെയ്ത് വരുന്നത്. നാളിതുവരെയായിട്ടും മോളിയുടെ വിളകൾ വന്യമൃഗങ്ങൾ നശിപ്പിച്ചിട്ടില്ല.
ഭർത്താവ് ഡേവിഡ് മരിച്ചതോടെ മകളുടെ വിദ്യാഭ്യാസവും കുടുംബത്തിലെ ബാധ്യതകളും മോളിയുടെ ചുമലിലായി. പിന്നാലെ അർബുദവും പിടിപെട്ടു. ഒരു ശസ്ത്രക്രിയയും 8 കീമോതെറാപ്പിയും നടത്തി. രോഗം കൊണ്ട് ശരീരം തളരുമ്പോഴും മനോബലം കൈവിട്ടില്ല ഈ വീട്ടമ്മയുടെ അതിജീവനത്തിന് കൃഷി മാത്രമാണ് ഏക പരിഹാരം എന്നായപ്പോൾ രണ്ടുംകൽപ്പിച്ച് മണ്ണിലേക്ക് ഇറങ്ങുകയായിരുന്നു. പറമ്പിൽ കയറുന്ന കാട്ടാനക്കൂട്ടത്തെ ടോർച്ചടിച്ചും ശബ്ദമുണ്ടാക്കിയും വിരട്ടി ഓടിക്കും. സഹായത്തിനായി മോളിക്ക് ഒരു നായക്കുട്ടിയും ഉണ്ടു. എന്ത് പ്രതിസന്ധിയുണ്ടായാലും കൃഷി ഉപേക്ഷിക്കാൻ തയ്യാറല്ല എന്നാണ് മോളി എന്ന ഈ വനിത കർഷകയുടെ ഭാഷ്യം.