കോതമംഗലം : കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ 20 മാസങ്ങളായി നടത്താൻ സാധിക്കാതിരുന്ന താലൂക്ക് വികസന സമിതി യോഗം ആൻ്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷനിൽ നടത്തപ്പെട്ടു. പ്രസ്തുത യോഗത്തിൽ കുടിവെള്ള ക്ഷാമം നേരിടുന്ന കോട്ടപ്പടി,കീരംപാറ,വാരപ്പെട്ടി പഞ്ചായത്ത് പ്രദേശങ്ങളിൽ പി വി ഐ പി, എം വി ഐ പി കനാലുകളിൽ വെള്ളം ലഭ്യമാക്കിയും വാട്ടർ അതോറിറ്റി ആവശ്യമായ നടപടികൾ സ്വീകരിച്ചും ടി പ്രശ്നം പരിഹരിക്കണമെന്നും എംഎൽഎ നിർദ്ദേശിച്ചു.
കീരംപാറ,കോട്ടപ്പടി പഞ്ചായത്തുകളിലെ രൂക്ഷമായ വന്യമൃഗ ശല്യം നേരിടുവാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് വനം വകുപ്പിന് നിർദേശം നൽകി. കൂടാതെ ടി പ്രദേശങ്ങളിലെ വോൾട്ടേജ് പ്രശ്നത്തിന് പരിഹാരം ഉണ്ടാകണമെന്ന് കെ എസ് ഇ ബി അധികാരികൾക്ക് നിർദ്ദേശം നൽകി. യോഗത്തിൽ മാത്യു കുഴൽനാടൻ എം എൽ എ,പഞ്ചായത്ത് പ്രസിഡൻ്റുമാർ,ജില്ലാ പഞ്ചായത്ത് അംഗങ്ങൾ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,തഹസിൽദാർ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.