കോതമംഗലം : കാട്ടാനയുടെ വിളയാട്ടം മൂലം ജീവിതം വഴി മുട്ടിയ കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം, വാവേലി നിവാസികൾ വനം വകുപ്പ് അധികാരികളുടെയടുത്തും , ജനപ്രതിനിധികളുടെയടുത്തും പരാതി പറഞ്ഞ് മടുത്തതല്ലാതെ പരിഹാരമൂന്നുമായില്ല. കാട്ടാനകളാകട്ടെ അനുദിനം ഇവരുടെ കൃഷിയിടങ്ങൾ ചവിട്ടി മെതിച്ചു ആനക്കലി തീർക്കുന്നു. കഴിഞ്ഞ ദിവസം എൽദോസ് അറാക്കുടിയുടെ മഞ്ഞൾ കൃഷി ചവിട്ടി നശിപ്പിച്ചു. ജോസ് വട്ടക്കുടിയുടെ അമ്പതോളം കുലച്ച് തുടങ്ങിയ വാഴകൾ തിന്നും ചവിട്ടിയും നശിപ്പിച്ചുകൊണ്ട് ആന വിളയാട്ടം നടത്തി. റബ്ബർ തൈകൾ വളച്ചൊടിച്ചും ചെറിയ തൈകൾ പിഴുതെടുത്ത് തിന്നും നശിപ്പിച്ചു.
ബേസിൽ പോൾ അറാക്കുടിയുടെ രണ്ടു മാസം പ്രായമുള്ള 20 ഓളം തൈകളും, പാലിയത്തുമോളേൽ ജോർജ്ജ്, പാലിയത്തു മോളേൽ പീറ്റർ, മടത്തുംപാറ റെന്നി എന്നിവരുടെ നൂറോളം റബ്ബർ തൈകളുമാണ് കാട്ടാന നശിപ്പിച്ചത്. എന്ത് ചെയ്യണമെന്നറിയാതെ ദിനരാത്രങ്ങൾ തള്ളി നീക്കുകയാണ് ഇവിടുത്തുകാർ. അധികാരികൾ ഇനിയും അനങ്ങാപ്പാറ നയം സ്വീകരിക്കാതെ, അടിയന്തിരമായി പരിഹാര നടപടികൾ സ്വികരിക്കണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാട്ടാന ശല്ല്യം മൂലം പൊറുതിമുട്ടിയ വാവേലി പ്രദേശം യു ഡി എഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം സന്ദർശിച്ചു.
സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തിയ യു.ഡി.എഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ഈ വിഷയം അടിയന്തിര പ്രാധാന്യത്തോടെ സർക്കാരിനു മുന്നിൽ അവതരിപ്പിന്നതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്യുമെന്നും, ഈ കർഷകരുടെ നഷ്ട്ടപരിഹാരം ഉടനടി ലഭ്യമാക്കേണ്ടതാണെന്നും ആവശ്യപ്പെട്ടു.