- ജെറിൽ ജോസ് കോട്ടപ്പടി
കോതമംഗലം : റോഡ് പണി പൂർത്തിയായപ്പോൾ മുറപോലെ വാട്ടർ അതോറിറ്റിക്കാരെത്തി റോഡ് കുത്തി പൊളിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ ചേറങ്ങനാൽ കവലയിൽ ആണ് സംഭവം. കഴിഞ്ഞ ഒരാഴ്ചക്കാലമായി റോഡിനു നടുവിലൂടെ വെള്ളം ഒലിച്ചു വരുന്നുണ്ടായിരുന്നു. വെള്ളം ഒലിച്ചു വരുന്ന ഭാഗത്ത് ഇന്നലെ രാവിലെ മുതൽ വലിയ കുഴിയെടുത്ത് ചെന്നപ്പോഴാണ് റോഡിന് കുറുകെ പൈപ്പ് കണക്ഷൻ പോയിട്ടില്ല എന്നുള്ള സത്യം വാട്ടർ അതോറിറ്റി കാർക്ക് മനസ്സിലാകുന്നത്. ബിഎംബിസി നിലവാരത്തിൽ പണിത റോഡ് തിരികെ മണ്ണിട്ട് മൂടി റോഡിന്റെ സൈഡിൽ നിന്നും വീണ്ടും പൊളിച്ചു തുടങ്ങിയിട്ടുണ്ട്. കോടികൾ മുടക്കി പണിത റോഡ് കുത്തി പൊളിക്കുമ്പോൾ കൃത്യമായ പഠനമില്ലാതെ ഉദ്യോഗസ്ഥർക്ക് തോന്നും വിധം പണിക്കാരെ കൊണ്ട് കുഴിയെടിപ്പിക്കുന്നത്.
കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണികൾക്കായി റോഡ് കുത്തിപ്പൊളിക്കുന്നത് വാട്ടർ അതോറിറ്റിയുടെ ശീലമായി മാറിയിട്ടുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. റോഡ് പണ്ിയാനായി കോടികൾ മുടക്കിയ ശേഷമാണ് പൊളിക്കാൻ വാട്ടർ അതോറിറ്റിക്ക് അനുമതി നൽകുന്നത്. ഇത് പൊതു പണം പാഴാക്കലാണ്. റോഡ് പണിയുന്നതിനു മുമ്പ് വ്യത്യസ്ത വകുപ്പുകളുമായി കൂടിയാലോചന നടത്തിയാൽ ഇത് ഒഴിവാക്കാവുന്നതേയുള്ളൂവെന്ന് നാട്ടുകാർ പറയുന്നു.