കോതമംഗലം: കോട്ടപ്പടി മാർ ഏലിയാസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം “മാനസികാരോഗ്യവും സാമൂഹിക പ്രതിരോധ ശേഷിയും” എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. സോഷ്യൽ വർക്ക് വിഭാഗ മേധാവി സൗമ്യ മാത്യു സ്വാഗതം അറിയിച്ച ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബോർഡ് പ്രസിഡന്റ് റവ. ഫാദർ ജോസ് പരത്തുവയലിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ . ജോസഫ് ടി മൂലയിൽ മുഖ്യപ്രഭാഷണം നടത്തി. മാനേജർ സുനിൽ ജോസഫ്, ട്രസ്റ്റി സി എം ജോർജ്, ഫാക്കൽറ്റി കോർഡിനേറ്റർ രേഖ മരിയ ബിജു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
തുടർന്ന് നടന്ന അക്കാദമിക് സെഷനിൽ ഡോ. സോജൻ ആന്റണി (നിംഹാൻസ്), പി. നളിനി (മുൻ പ്രിൻസിപ്പൽ കൗൺസിലർ, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം) എന്നിവർ വിദഗ്ധ പ്രഭാഷണം നടത്തി. സാമൂഹ്യപ്രവർത്തന രംഗത്തെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രബന്ധ അവതരണങ്ങളും ചർച്ചകളും സെമിനാറിന്റെ ഭാഗമായി നടന്നു.
സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ നാദിറ മെഹ്റിൻ മുഖ്യാതിഥിയായി പങ്കെടുത്തു. തുടർന്ന് പ്രമുഖ മെന്റലിസ്റ്റ് റെനീഷ് ടി. പി അവതരിപ്പിച്ച മെന്റലിസം ഷോയും പരിപാടിയുടെ പ്രധാന ആകർഷണമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകർ, അധ്യാപകർ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. സാമൂഹ്യപ്രവർത്തന രംഗത്തെ പുതിയ ആശയങ്ങളും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പഠനങ്ങളും പങ്കുവെക്കുന്നതിനുള്ള മികച്ച വേദിയായി ഈ ദേശീയ സെമിനാർ മാറിയതായി സംഘാടകർ അറിയിച്ചു.






















































