- ഷാനു പൗലോസ്
കോതമംഗലം : സംസ്ഥാനം ഇന്ന് വരെ കണ്ടതിൽ ഏറ്റവും വലിയ തട്ടിപ്പിൽ കോതമംഗലത്തും നിരവധി വീട്ടമ്മമാർക്ക് പണം നഷ്ടപ്പെട്ടു. സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസേർച്ച് ആൻ്റ് ഡെവലപ്മെൻ്റൽ സ്റ്റഡീസ് എന്ന സ്ഥാപനത്തിൻ്റെ സപ്പോർട്ടിംഗ് ഏജൻസിയായ കോതമംഗലം സീഡ് സൊസൈറ്റി വഴിയാണ് അനന്തു കൃഷ്ണൻ കോതമംഗലം പ്രദേശത്തുള്ള ആളുകളെ വഞ്ചിച്ച് പണം തട്ടിയത്. ആദ്യം ലാപ് ടോപ്പ്, വാട്ടർടാങ്ക് തുടങ്ങിയ സാധനങ്ങൾ പാതി വിലക്ക് നൽകി വിശ്വാസമാർജ്ജിച്ചതിന് ശേഷമാണ് സ്വയം തൊഴിലുള്ള വനിതകളുടെ ശാക്തീകരണത്തിന് കേന്ദ്ര സർക്കാരിൻ്റെയും വിവിധ കമ്പനികളുടെയും സി.എസ്.ആർ ഫണ്ടുപയോഗിച്ച് പാതി വിലക്ക് സ്കൂട്ടർ പദ്ധതി പ്രഖ്യാപിച്ചത്. സീഡ് സൊസൈറ്റി വഴിയായതിനാലും മുൻപ് നടപ്പിലാക്കിയ പ്രൊജക്ടുകൾ ചൂണ്ടിക്കാട്ടിയതിനാലും പദ്ധതി കേന്ദ്രസർക്കാരിൻ്റെതാണെന്ന് തെറ്റിദ്ധരിച്ച് നൂറ്റി അൻപതിൽപരം വനിതകൾ അറുപതിനായിരം രൂപാ അനന്തു കൃഷ്ണൻ്റെ കൊച്ചി പ്രൊഫഷണൽ സർവ്വീസസ് ഇന്നോവേഷൻ എന്ന അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് കൊടുത്തത്.
ഇതിനിടയിൽ സീഡ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഡിജിറ്റൽ ഗ്രാമം എന്ന പേരിൽ ഗൃഹോപകരണ സാധനങ്ങൾ പാതിവിലക്ക് നൽകാമെന്നുള്ള പുതിയ പദ്ധതിയിൽ ചേർന്ന നൂറ്റൻപതോളം പേർക്കും പണം നഷ്ടമായിട്ടുണ്ട്. ഈ തുക അനന്തു കൃഷ്ണൻ മറ്റൊരു അക്കൗണ്ടിലൂടെയാണ് ആളുകളിൽ നിന്ന് സ്വരൂപിച്ചത്.
വാഹനത്തിൻ്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് വേണ്ടിയാണെന്ന വ്യാജേനെ വാഹനത്തിന് പാതി വില നൽകിയവർക്ക് 2024 നവംബർ മാസം രണ്ടാം തിയതി കോതമംഗലത്ത് ക്യാമ്പ് സംഘടിപ്പിച്ച് പ്രോമിസറി നോട്ടടക്കം രേഖകൾ നൽകിയിരുന്നു. വലിയ താമസമില്ലാതെ വാഹനം കൈമാറുമെന്നായിരുന്നു അന്ന് ഉറപ്പ് നൽകിയിരുന്നത്. മൂവാറ്റുപുഴയിലെ പരാതിയോടെയാണ് ഈ പദ്ധതി തട്ടിപ്പായിരുന്നുവെന്ന് തിരിച്ചറിഞ്ഞതെന്നും, സർക്കാരിൻ്റെ പദ്ധതിയാണെന്ന് കരുതി ബാങ്ക് വായ്പയെടുത്തും സ്വർണ്ണം പണയപ്പെടുത്തിയുമാണ് സ്കൂട്ടറിന് നൽകിയതെന്ന് പാതിവില തട്ടിപ്പിൽ വഞ്ചിക്കപ്പെട്ട വനിതകൾ കോതമംഗലം വാർത്തയോട് പ്രതികരിച്ചു.
അനന്തു കൃഷ്ണൻ്റെ അക്കൗണ്ടുകൾ മരവിപ്പിച്ച് പാതിവില തട്ടിപ്പ് കേസ് സർക്കാർ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. പണം നഷ്ടപ്പെട്ടവർക്ക് എപ്പോൾ എങ്ങനെ പണം തിരികെ ലഭിക്കുമെന്ന ആശങ്കയിലാണ് എല്ലാവരും. അതേ സമയം ഇംപ്ലിമെൻ്റിംഗ് ഏജൻസി പദ്ധതി നടത്തിപ്പിനായി അംഗത്വമെടുത്തവരിൽ നിന്ന് പിരിച്ചെടുത്ത തുകയിൽ നിന്ന് അറ്റസ്റ്റേഷൻ ചാർജ് കിഴിച്ച് ബാക്കി തുക ചൊവ്വാഴ്ചക്കകം അവരവരുടെ അക്കൗണ്ടിലേക്ക് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. കോതമംഗലം സീഡ് സൊസൈറ്റി വഴി പണം നഷ്ടമായ എല്ലാവരേയും ചേർത്ത് എത്രയും പെട്ടെന്ന് പോലീസിൽ പരാതി നൽകുമെന്ന് സീഡ് സെക്രട്ടറി പറഞ്ഞു.
