കോതമംഗലം : കോതമംഗലത്തു ഉച്ചയ്ക്ക് ശേഷം ഹർത്താൽ. കോതമംഗലത്തിന്റെ പ്രകാശമായ ചെറിയപള്ളി പിടിച്ചെടുത്ത് കോതമംഗലത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ഓർത്തഡോക്സ് സഭയുടെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടാണ് കോതമംഗലത്തെ വ്യാപാരി വ്യവസായികൾ കടകൾ അടക്കുന്നത്. ചെറിയ പള്ളിയുടെ വിശ്വാസത്തോട് ഐക്യം പ്രഖാപിച്ചുകൊണ്ടും പിന്തുണ കൊടുത്തുകൊണ്ടും കോതമംഗലത്തെ സ്വകാര്യ ബസുകൾ സർവീസ് ഉച്ചകഴിഞ്ഞു താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വ്യാപാരി അസോസിയേഷൻ കോതമംഗലത്തു ഹർത്താൽ പ്രഖ്യാപിച്ചശേഷം പ്രകടനമായി പള്ളിയിലേക്ക് പോകുകയും ചെയ്‌തു. ചെറിയ പള്ളിയുടെ സംരക്ഷണം നാനാജാതി മതസ്ഥരും, കോതമംഗലം പൗരാവലിയും ഏറ്റെടുത്തിരിക്കുകയാണെന്ന് മുൻസിപ്പൽ പ്രതിപക്ഷ കൗൺസിലർ കെ എ നൗഷാദ് വ്യക്തമാക്കി. കോതമംഗലത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വിദ്യാർത്ഥികളെ വീടുകളിലേക്ക് പറഞ്ഞയക്കുന്ന അവസ്ഥയും ഉണ്ടായിരിക്കുകയാണ്.

You must be logged in to post a comment Login